മുക്കം: സഹകരണ ബാങ്കുകളുടെ വാഹനം തിരഞ്ഞെടുപ്പ് ആവശ്യത്തിനെന്ന് പറഞ്ഞ് ജില്ല ഭരണകൂടം പിടിച്ചെടുക്കുന്നത് ബാങ്കുകളുടെ പ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. സാമ്പത്തിക വർഷാവസാനമായ മാർച്ചിൽ വാഹനത്തിന്റെ അഭാവം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൊവിഡ് കാലമായതിനാൽ വായ്പയുടെ തിരിച്ചടവ് മുടങ്ങിയ കേസുകൾ അനവധിയാണ്. മാർച്ചിൽ ഇത്തരക്കാരെ കണ്ടെത്തി കിട്ടാക്കടം പിരിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബാങ്കുകൾ. ബ്രാഞ്ചുകളിലേയ്ക്കും എ.ടി.എം കൗണ്ടറുകളിലേയ്ക്കും തിരികെ ഹെഡ് ഓഫീസുകളിലേയ്ക്കും പണം കൊണ്ടുപോകാനും പ്രത്യേക ഇൻഷ്വറൻസ് പരിരക്ഷയുള്ള വാഹനം ഉപയോഗിക്കേണ്ടതുണ്ട്. മറ്റു വാഹനങ്ങളിൽ പണം കൊണ്ടു പോയാൽ ഈ പരിരക്ഷയുണ്ടാവില്ല. കാരശ്ശേരി ബാങ്കിന് കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ 9 ബ്രാഞ്ചുകളും 23 എ.ടി.എം കൗണ്ടറുകളുമുണ്ട് ഇവിടെയെല്ലാം പണമെത്തിക്കാൻ വാഹനം അത്യാവശ്യമാണ്. ഇത്തരം അത്യാവശ്യ കാര്യത്തിനുപയോഗിക്കുന്ന വാഹനമാണ് ജില്ലാ ഭരണകൂടം പിടിച്ചെടുത്തത്. അൻപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി സ്വകാര്യ വാഹനങ്ങളിലോ ടാക്‌സികളിലോ കൊണ്ടു പോകുകയാണെങ്കിൽ പിടിച്ചെടുക്കാൻ ഈ പ്രത്യേക സാഹചര്യത്തിൽ പൊലീസിന് അധികാരമുള്ളതിനാൽ ബാങ്കിന്റെ പണം അങ്ങനെ കൊണ്ടുപോകാനും കഴിയുന്നില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ച് ഒഴിവാക്കി തരാനും ഏപ്രിൽ ഒന്നു മുതൽ വാഹനം വിട്ടു നൽകാമെന്നുമുള്ള അപേക്ഷ പോലും പരിഗണിക്കാതെ ഉദ്യോഗസ്ഥർ ജനപ്രാതിനിധ്യ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുക്കാൻ അധികാരമുണ്ടെന്ന് പറഞ്ഞാണ് വാഹനങ്ങൾ കൊണ്ടുപോകുന്നത്. സഹകരണ ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കാനിടയാക്കുന്ന ഇത്തരം ദ്രോഹ നടപടികളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും ദ്രോഹ നടപടി പിന്തുടരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ മുക്കത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.