ponnu

മധുര: ''രാഹുൽഗാന്ധിയുടെ കരത്തെ ബലപ്പെടുത്തുവതുക്ക് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വാക്കടിക്കണം...''. രാഹുൽഗാന്ധിയുടെ കരങ്ങൾ ശക്തമാക്കാൻ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടു ചെയ്യണമെന്ന് പറയുന്നത് സി.പി.എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ. പൊന്നുത്തായ്. ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷികളാണ് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും.കേരളത്തിലെ പത്രമാണെന്നു പറഞ്ഞപ്പോൾ സി.പി.എം നേതാക്കളുടെ മറുപടി - 'കേരള പൊളിറ്റിക്സ് വേറെ,​ തമിഴനാട് പൊളിറ്റിക്സ് വേറെ' തമിഴ്‌നാട്ടിൽ സി.പി.എമ്മിന്റെ ആറു സീറ്റിൽ വിജയപ്രതീക്ഷ കൂടുതൽ മധുരജില്ലയിലെ തിരുപ്പറംകുൺട്രത്ത് മത്സരിക്കുന്ന പൊന്നുത്തായിലാണ്. വനിതാ വോട്ടർമാരെ കൈയിലെടുക്കുന്നതാണ് പൊന്നുത്തായിയുടെ പ്രസംഗം.

''... ജൂൺ മൂന്ന് കലൈഞ്ജർ അവർകളുടയ പുറന്നാൾ. അന്നേക്ക് റേഷൻ കാർഡ് വച്ചിറിക്കിറ എല്ലാർക്കും വീട് തേടി നാലായിരം രൂപ വന്തിടും''- ‌ ‌‌ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ വാഗ്ദാനം പൊന്നുത്തായ് പറഞ്ഞപ്പോൾ കൈയടി. ''ഇതുക്കെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിലെ നീങ്ക വാക്കടിക്കണം...''

മധുര എയർപോർട്ട് ലിങ്ക് റോഡിനു സമീപത്തെ ചിന്നഒടുപ്പിൽ പൊന്നുത്തായ് കത്തിക്കയറി...

തമിഴ്നാടിനെ കൊള്ളയടിച്ച സർക്കാർ വീണ്ടും വോട്ടു കേട്ടു വരുന്നു. നമ്മുടെ മുന്നണി തൊഴിലാളികളുടെ മുന്നണിയാണ്. അവർ ജനങ്ങളെ സേവിക്കാൻ തയ്യാറാണ്. അരിവാൾ ചുറ്റിക നക്ഷത്രം ജയിച്ചാൽ ദളപതി സ്റ്റാലിൻ ജയിച്ചെന്നാണ് അർത്ഥം. ചുവപ്പാന വരവേൽപ്പ് കൊടുക്കത്ക്ക് നൻട്രി... നൻട്രി... നൻട്രി...

 'കരുണാനിധി'യെ കമ്മ്യൂണിസ്റ്റാക്കി!

മധുരയിൽ സി.പി.എമ്മിന്റെ ഉശിരുള്ള പെൺമുഖമാണ് 46കാരിയായ പൊന്നുത്തായി. സ്ത്രീകളുടെ എന്ത് പ്രശ്നത്തിലും പൊന്നുത്തായ് ഇടപ്പെട്ടിരിക്കും. തിരുപ്പറംകുൺട്രം ക്ഷേത്രത്തിനു സമീപം തുറന്ന മദ്യഷോപ്പ് സമരം ചെയ്ത് പൂട്ടിച്ചു. വിരുതുനഗറിലെ സത്തൂരിൽ പാവപ്പെട്ട കുടുംബത്തിലാണ് ജനനം. അച്ഛൻ സൈക്കിൾ വർക്ക്‌ ഷോപ്പ് നടത്തിയാണ് പൊന്നുത്തായ് ഉൾപ്പെടെ ആറുമക്കളെ വളർത്തിയത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. പിന്നീട് ഡി.വൈ.എഫ്.ഐയിൽ. ആൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോൾ. ഓട്ടോ റിക്ഷ ഡ്രൈവറായ ഭർത്താവും പാർട്ടി പ്രവർത്തകനാണ്. പേര് കരുണാനിധി. ഭർത്താവിന്റെ അച്ഛൻ കലൈഞ്ജർ ഫാനായിരുന്നതിനാലാണ് മകന് കരുണാനിധിയെന്ന് പേരിട്ടത്. പൊന്നുത്തായ് കരുണാനിധിയെ കമ്മ്യൂണിസ്റ്റാക്കി!

 ആറു പടൈവീട്

സുബ്രഹ്മണ്യസ്വാമിയുടെ ആറ് പടൈവീടുകളിൽ (ആറ് ദിവ്യക്ഷേത്രം)​ ആദ്യത്തേതാണ് തിരുപ്പറംകുൺട്രം ക്ഷേത്രം. ആറാം നൂറ്റാണ്ടിൽ വൻശില തുരന്നാണ് ആദ്യക്ഷേത്രം നിർമ്മിച്ചത്. ഇപ്പോഴത്തേത് 16-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് ചരിത്രം പറയുന്നു. വിശ്വാസപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെയാണ്. മധുരയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ക്ഷേത്രം.

കേരള ഘടകത്തിന്റെ പിന്തുണ

കേരളകൗമുദിയോട് പൊന്നുത്തായ്

?​ വിജയം പ്രതീക്ഷിക്കാമോ?​ വിജയം ഉറപ്പാണ്. പോകുന്നിടത്തെല്ലാം ജനങ്ങൾ ആവേശകരമായ സ്വീകരണമാണ് നൽകുന്നത് കേരളത്തിലെ പാർട്ടിയുടെ പിന്തുണ ഉണ്ട്. കേരള സർക്കാരിന്റെ ഭരണമികവിൽ ഇവിടത്തെ ജനങ്ങൾക്ക് നല്ല മതിപ്പാണുള്ളത്.