justic-eramana-

സുപ്രധാന പദവിയിലേക്ക് നിയമിക്കപ്പെടുമെന്ന് ഉറപ്പാകുന്നവരെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നുവരിക ഇന്ത്യയിൽ അസാധാരണമല്ല. വിവാദച്ചുഴിയിൽപ്പെട്ട് അപൂർവം ചിലരുടെ നിയമനം നടക്കാതെയും പോയിട്ടുണ്ട്. ജസ്റ്റിസ് എൻ.വി. രമണ ഇന്ത്യയുടെ നാല്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുമെന്ന് ഉറപ്പായിരിക്കുകയാണ്. സീനിയർ മോസ്റ്റ് ജഡ്‌ജിയായ അദ്ദേഹത്തെ ഉന്നത പദവിയിൽ നിയമിക്കണമെന്ന ശുപാർശ സർക്കാരിന് നൽകിയിരിക്കുന്ന പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതികളെയും വിവാദങ്ങളെയും കുറിച്ച് ഒരു വിചിന്തനം ആവശ്യമാണ്. ഉന്നത പദവിയിലേക്കുള്ള ജസ്റ്റിസ് രമണയുടെ നിയമനം തടയാൻ അദ്ദേഹത്തിന്റെ നാടായ ആന്ധ്രയിൽ നിന്നു തന്നെയാണ് ശ്രമം ഉണ്ടായത്. 2020 ഒക്ടോബർ ആറിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗ്‌മോഹൻ റെഡ്ഡിയാണ് പരാതി നൽകിയത്. തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ തകർക്കാൻ ആന്ധ്രപ്രദേശിലെ ഹൈക്കോടതിയെ ജസ്റ്റിസ് രമണ സ്വാധീനിക്കുന്നു എന്നായിരുന്നു പരാതി. രാഷ്ട്രീയ നേതാക്കൾക്കും നിയമസഭാംഗങ്ങൾക്കും എതിരെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ വാദം കേൾക്കാൻ ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തുടങ്ങുന്നതിന് മുമ്പാണ് ഈ പരാതി സമർപ്പിക്കപ്പെട്ടത്. ചെളിവാരി എറിയുകയും അത് ദേഹത്ത് വീണാൽ നാണക്കേടില്ലാതെ കൊണ്ടുനടക്കുകയും ചെയ്യാൻ രാഷ്ട്രീയക്കാർക്ക് പ്രത്യേക വൈഭവമുണ്ട്. അതുപോലെയല്ല ഉന്നത പദവിയിൽ എത്തുന്ന വ്യക്തിത്വവും അറിവുമുള്ള വ്യക്തികൾ. ജസ്റ്റിസ് രമണയെ ചെളിവാരിയെറിഞ്ഞ് ചീത്തയാക്കുക എന്ന രാഷ്ട്രീയക്കളിയാണ് ഇവിടെ നടന്നത്. അത് വിജയിക്കാതെ പോയതിൽ ജനങ്ങൾക്ക് ആശ്വസിക്കാം. സുപ്രീംകോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസ് ആരാകണമെന്ന് തീരുമാനിക്കേണ്ടത് ആന്ധ്രപ്രദേശിലെ രാഷ്ട്രീയക്കാരല്ല. അങ്ങനെ വന്നാൽ ഇന്ത്യൻ ജുഡിഷ്യറി സംവിധാനത്തിന്റെ ആണിക്കല്ല് ഇളകാൻ അധികം സമയം വേണ്ടിവരില്ല.

സി.ബി.ഐയും ഇ.ഡിയും ഉൾപ്പെടെ നിരവധി അന്വേഷണ ഏജൻസികൾ ചാർജ് ചെയ്ത 31 കേസുകൾ നേരിടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി റെഡ്ഡി. അങ്ങനെ ഒരാൾ പരാതി നൽകുമ്പോൾ തന്നെ അതിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് ആർക്കും ഊഹിക്കാം. പക്ഷേ ഇതിനെക്കുറിച്ച് നേരിട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ ജഡ്‌ജിമാർക്ക് കഴിയില്ല. അതേസമയം അവർക്കെതിരായ പരാതിയിലെ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇത് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെക്കുറിച്ച് അനാവശ്യമായ സംശയങ്ങൾക്ക് ഇടയാക്കും. ജനാധിപത്യ സ്ഥാപനങ്ങളുടെ മൂല്യശോഷണത്തിന് ഇടയാക്കുന്ന ദുരവസ്ഥയാകും ഇതിന്റെ അനന്തര ഫലം. സുപ്രീംകോടതിയുടെ ആഭ്യന്തര സംവിധാനം ജസ്റ്റിസ് രമണക്കെതിരെയുള്ള പരാതി പരിഗണിച്ചതിനുശേഷം തള്ളിക്കളയാൻ തീരുമാനിച്ചതിലൂടെ വലിയൊരു ദുരവസ്ഥയാണ് ഒഴിവായത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടില്ല എന്ന തീരുമാനവും നന്നായി. പരസ്പരം വാരിയെറിയാൻ ആവശ്യത്തിലേറെയുള്ള ചെളി വിവിധ വിഷയങ്ങളുടെ പേരിൽ ഇപ്പോൾത്തന്നെ സമൂഹത്തിലുണ്ട്. അതിന്റെ കൂടെ ഇതും കൂടി വേണ്ട.

വർഷങ്ങൾക്ക് മുമ്പ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടും മുമ്പ് ഒരു വിവാദം ഉണ്ടായിരുന്നു. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാദൾ സർക്കാർ അധികാരത്തിലിരിക്കുന്ന കാലമായിരുന്നു അത്. ഹേബിയസ് കോർപ്പസ് ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച ജഡ്‌ജിയായ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മുംബയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ളീഷ് ദേശീയ ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചു. അസാധാരണമായ ഒരു നടപടി ആയിരുന്നു അത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നവരാണ് അന്ന് ഭൂരിപക്ഷവും കേന്ദ്ര മന്ത്രിസഭയിൽ. എന്നിട്ടും മൊറാർജി ദേശായി പറഞ്ഞത് മുംബയിലെ ചില പത്രക്കാരും വക്കീലന്മാരുമല്ല സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാവണമെന്ന് തീരുമാനിക്കുന്നത് എന്നായിരുന്നു. ചന്ദ്രചൂഡ് ആ പദവിയിൽ നിയമിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ ഡി.വൈ. ചന്ദ്രചൂഡ് ഇപ്പോൾ സുപ്രീംകോടതി ജഡ്‌ജിയുമാണ്. രാഷ്ട്രീയക്കാർ പല അഭ്യാസങ്ങളും കാണിക്കും. പക്ഷേ അതൊന്നും ഉന്നത സ്ഥാനങ്ങളിലെ നിയമനങ്ങളെ ബാധിക്കരുത്.