meena

 ഒരു വർഷം തടവിനുള്ള വകുപ്പ് ചുമത്തും

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ബോധപൂർവം കള്ളവോട്ടുകൾ ചേർത്ത അഞ്ച് ശതമാനം സർക്കാർ ജീവനക്കാരുണ്ടെന്നും അവരെ കണ്ടെത്തി പ്രോസിക്യൂഷൻ നടപടിയുൾപ്പെടെ സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ 'കേരളകൗമുദി'യോട് പറഞ്ഞു. ഇരട്ടവോട്ടുകൾ നീക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചതിനിടെയാണ് മീണയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശിന്റെ പരാതി.

താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയമുണ്ടെന്നും അവരാണ് ഇതു ചെയ്തതെന്നും മീണ പറഞ്ഞു. അവരെ കണ്ടുപിടിക്കും. ആദ്യം വിശദീകരണം തേടും. തൃപ്തികരമല്ലെങ്കിൽ ഒരു വർഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന എെ.പി.സി 171 (ഡി), 171 (എഫ്) വകുപ്പുകൾ പ്രകാരം കേസെടുക്കും. ചില ഉദ്യോഗസ്ഥർ മരിച്ചവരുടെ പേരിൽ വരെ തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്.

വോട്ടുകൾ ഇരട്ടിച്ചവരുടെ ലിസ്റ്റ് അതത് ബൂത്തുകളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകും. ഈ വോട്ടർമാരെ കണ്ടെത്തി അവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ ബൂത്തിൽ മാത്രം വോട്ട് ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന ആവശ്യപ്പെടും.

തിരഞ്ഞെടുപ്പിനു ശേഷം 140 നിയോജക മണ്ഡലങ്ങളിലും സമഗ്ര പരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ ഇരട്ട വോട്ടുകൾ പൂർണമായും ഒഴിവാക്കും. വോട്ടർമാർക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെ പട്ടികയിൽ നിന്ന് പേര് മാറ്റുന്നത് നിയമ നടപടിക്ക് വഴിവയ്ക്കും. അതുകൊണ്ടാണ് തിര‌ഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞശേഷം നടപടിക്ക് തുടക്കമിടുന്നത്.

പട്ടികയിലുള്ളവർ

വീണ്ടും അപേക്ഷിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ പലർക്കും വോട്ടില്ലായിരുന്നു. അതിനുശേഷം ഒൻപത് ലക്ഷം പുതിയ അപേക്ഷകളാണ് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പേരില്ലാത്തതിനാൽ ഇതിലും പേര് ഉണ്ടാവില്ലെന്നു കരുതിയാണ് പലരും അപക്ഷിച്ചത്. വോട്ടർ പട്ടികയിൽ പേരുള്ളവർ തന്നെ വീണ്ടും അപേക്ഷിച്ചു.

രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടും മുമ്പേ ഇരട്ടവോട്ടുകളുടെ ശുദ്ധീകരണം തുടങ്ങിയതാണ്. നാല് വർഷമായി തുടങ്ങിയിട്ട്. 64 ലക്ഷം ഇരട്ട വോട്ടുകൾ ഡിസംബറിൽ ആറായിരമാക്കി കുറച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇരട്ടിപ്പ് ഉയർന്നതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഈ പേരുകൾ നീക്കം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം നിറുത്തിവച്ചിരിക്കുകയാണ്- മീണ പറഞ്ഞു.

ഇരട്ട വോട്ട്

 തമിഴ്നാട്ടിൽ: ഒരു കോടി

യു.പി, ബംഗാൾ: രണ്ട് കോടി വീതം