
തിരുവനന്തപുരം: രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ വിരമിക്കുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നോമിനേഷൻ ഉൾപ്പെടെ ആരംഭിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് മരവിപ്പിക്കുന്നത് നിലവിലുള്ള നിയമസഭാംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ബാഹ്യ ഇടപെടലുകൾക്ക് വഴിപ്പെട്ട് തീരുമാനമെടുക്കരുത്. 2016-ൽ അസംബ്ലി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങൾക്ക് വേണ്ടിയുള്ള രാജ്യസഭാതിരഞ്ഞെടുപ്പ് നടന്നത്. നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നിറുത്തിവച്ചത് ദുരൂഹമാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ അതിൽ ഇടപെടാൻ പാടില്ലെന്ന് നിരവധി സുപ്രീംകോടതി വിധികളുണ്ട്. തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി കമ്മിഷൻ പിൻവലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.