
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ബോയ് ഫ്രണ്ടായ സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള വിവാഹ നിശ്ചയം ഔദ്യോഗികമായി കഴിഞ്ഞോയെന്ന അന്വേഷണത്തിലാണ് പാപ്പരാസികൾ ഇപ്പോൾ.മോതിരമണിഞ്ഞ് തന്റെ നെഞ്ചിൽ നയൻതാര ഇടംകൈ ചേർത്ത് നിൽക്കുന്ന നയൻതാരയുമൊത്തുള്ള ചിത്രം വിഘ്‌നേശ് ശിവൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള വാർത്ത പ്രചരിക്കാൻ കാരണം. രണ്ട് വർഷം മുൻപ് ഇരുവരുടെ വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞതാണെന്നും ഗോസിപ്പുകൾ പരക്കുന്നുണ്ട്.'വിരലിനോടൊപ്പം ജീവനും കൂടി കൊരുത്ത്..." എന്നാണ് പങ്കുവച്ച ചിത്രത്തിനൊപ്പം വിഘ്നേശ് ശിവൻ കുറിച്ചിരിക്കുന്നത്.നയൻതാരയും വിഘ്നേശ് ശിവനും തങ്ങളുടെ പ്രണയജീവിതത്തിലെ മനോഹരചിത്രങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കുറേ കാലമായി ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലാണ് നയൻസും വിഘ്നേശ് ശിവനും.വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയബന്ധരായത്. റൗഡി പിക്ചേഴ്സ് എന്ന പേരിൽ ഇരുവരും ചേർന്ന് പിന്നീട് ഒരു നിർമ്മാണ - വിതരണ കമ്പനി ആരംഭിച്ചു. ഈ ബാനറിന് വേണ്ടി വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാറ്റ് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിലെ മറ്റൊരു നായിക സാമന്തയാണ്.