
തിരുവനന്തപുരം: ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച കേരള ബ്ലോഗ് എക്സ് പ്രസിന്റെ 'മൈ ഫസ്റ്റ് ട്രിപ്പ് 2021" കാമ്പയിന് തുടക്കമായി. 29 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ബ്ലോഗർമാർ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള സോഷ്യൽ മീഡിയ പ്രചാരണവും ഇതിന്റെ ഭാഗമായി നടക്കും.
ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഫ്ളാഗ് ഓഫ് ചെയ്‌തു. ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മാർക്കറ്റിംഗ് ബി.എസ്. ബിജു എന്നിവർ പങ്കെടുത്തു.
കാമ്പയിനു വേണ്ടി 10 ബ്രാൻഡഡ് കാറുകളാണ് ഒരുക്കിയിട്ടുള്ളത്. ആറ് രാത്രിയും അഞ്ച് പകലുമായിട്ടാണ് യാത്ര.
ബ്ലോഗർമാരിൽ നാലുപേർ മുംബയിൽ നിന്നും മൂന്നുപേർ ഡൽഹിയിൽ നിന്നും മറ്റുള്ളവർ ഹൈദരാബാദ്, വിശാഖപട്ടണം, അജ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.