hen

കിളിമാനൂർ: കനത്ത ചൂടിൽ നിന്ന് കോഴികൾക്കും രക്ഷയില്ല. 19 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ് കോഴികൾക്ക് അനുയോജ്യമായ താപനില. എന്നാൽ 30 മുതൽ 34 വരെയാണ് ഇപ്പോൾ ജില്ലയിലെ ചൂട്. നേരിയ അധിക ചൂട് പോലും കോഴിയുടെ ആരോഗ്യത്തെയും മുട്ട ഉത്പാദനത്തെയും സാരമായി ബാധിക്കും. ചൂട് കൂടിയതോടെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരെയും ദുരിതത്തിലാക്കുന്നു.

വേനൽക്കാലത്ത് ശരിയായ പരിചരണം നൽകണം എന്നും വേനൽ രോഗങ്ങൾക്കെതിരെ കരുതൽ വേണമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ക്രമാതീതമായി ഉയരുന്ന ചൂടിന് മുന്നിൽ കോഴി കർഷകരും പകച്ചു നിൽക്കുകയാണ്.

വേനൽക്കാല രോഗങ്ങളായ കോഴിവസന്ത, കോഴി വസൂരി, കണ്ണിൽ ബാധിക്കുന്ന അസുഖം എന്നിവയും വ്യാപകമായിട്ടുണ്ട്. മുട്ടക്കോഴികളെക്കാൾ ബ്രോയിലർ ഇറച്ചി കോഴികളെയാണ് ചൂട് സാരമായി ബാധിച്ചിരിക്കുന്നത്.

കനത്ത ചൂടും രോഗവും കാരണം കോഴികൾ ചത്തൊടുങ്ങുന്നത് കോഴി കർഷകരെയും പ്രതിസന്ധിയിലാക്കി. പ്രധാന വരുമാന മാർഗം അടഞ്ഞു പോകുന്നതിന്റെ ആശങ്കയിലാണ് കർഷകർ.

മുട്ടയ്ക്കും തിരിച്ചടി

താപനില വർദ്ധിക്കും തോറും ഉത്പാദനം കുറയും. മുട്ടയുടെ വലിപ്പവും പുറം തോടിന്റെ കനവും കുറയും. മുട്ട പെട്ടെന്ന് പൊട്ടും. മുട്ടയുടെ ഗുണമേന്മയെ ഇത് ബാധിക്കുകയും വേഗത്തിൽ കേടാവുകയും ചെയ്യും.

കരുതൽ ഒരുക്കാം :-

ശുദ്ധമായ വെള്ളം നൽകുക, കൂട്ടിലടച്ച് ഇടാതിരിക്കുക, തണൽ കൂടുതലുള്ള ഭാഗങ്ങളിൽ വളർത്തുക, തുളസി, മഞ്ഞൾ, പനിക്കൂർക്ക എന്നിവ അടങ്ങിയ വെള്ളം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നൽകുക.

പച്ചിലകൾ, ജലാംശം കൂടുതലുള്ള ഭക്ഷണം എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.

കോഴിത്തീറ്റ പൂപ്പൽ കയറാതെ സൂക്ഷിക്കണം.

തീറ്റ ചെറുതായി നനച്ച് നൽകാം രാവിലെയോ വൈകിട്ടോ രാത്രിയിലോ തവണകളായി നൽകുക.

തീറ്റ പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

ലക്ഷണങ്ങൾ

കൂടുകളിൽ അടച്ചിട്ട വളർത്തുന്ന കോഴികളാണ് ഉഷ്ണ സമ്മർദ്ദതിന്റെ ലക്ഷണങ്ങൾ കാണിക്കുക. ഉറക്കം തൂങ്ങി നിൽക്കുക, പെട്ടെന്ന് തീറ്റമടുപ്പ്, ധാരാളം വെള്ളം കുടിക്കൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, വായ തുറന്നു പിടിച്ചുള്ള ശ്വാസം എടുപ്പ് തുടങ്ങിയവ പതിവിൽ വിപരീതമായ ലക്ഷണങ്ങളാണ്.