
തിരുവനന്തപുരം: ഫെബ്രുവരി 10ന് സമരം ചെയ്ത അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും മൂന്ന് ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി സെറ്റോ. കുടിശിക ക്ഷാമബത്തയും തടഞ്ഞുവച്ച മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നടത്തിയ സമരത്തിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു.
മാർച്ച്മാസത്തെ ശമ്പളത്തിൽ നിന്ന് ഒരുദിവസത്തെ ശമ്പളം പിടിക്കാനാണ് ഉത്തരവ്. എന്നാൽ ശമ്പളവിതരണത്തിനുള്ള സ്പാർക്കിലെ സാങ്കേതികപിഴവ് മൂലം മൂന്ന് ദിവസത്തെ ശമ്പളമാണ് പിടിച്ചത്. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ ശമ്പളവിതരണം തന്നെ നിറുത്തിവച്ചു. ഇതോടെ സമരം ചെയ്ത ജീവനക്കാർക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയായി.
ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പി.എഫ് ക്ലോസ് ചെയ്ത സാഹചര്യത്തിൽ ക്ഷാമബത്താ കുടിശിക രൊക്കം പണമായി കൈയിൽ കിട്ടാനുള്ള ക്രമീകരണങ്ങളും സ്പാർക്കിൽ വരുത്തണം. ഇത്തരത്തിൽ സ്പാർക്കിൽ വരുത്തേണ്ട സാങ്കേതിക നടപടി ക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി, ഡയസ്‌നോൺപ്രകാരം ഒരു ദിവസത്തെ ശമ്പളം മാത്രം പിടിച്ചെടുക്കുകയോ, അതിന് സാധ്യമല്ലെങ്കിൽ, സ്‌പാർക്കിലെ സാങ്കേതികപ്രശ്നം പരിഹരിക്കും വരെ ശമ്പളം പിടിക്കുന്നത് നിറുത്തി വയ്ക്കുകയോ ഈ നീക്കത്തിൽ നിന്നും സർക്കാർ പിൻമാറുകയോ വേണമെന്ന് സെറ്റോ സംസ്ഥാന ജനറൽ കൺവീനർ എം. സലാഹുദീൻ ആവശ്യപ്പെട്ടു.