
₹അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി
കേന്ദ്ര സർക്കാരിനും സി.ബി.എെക്കും കൈമാറി
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പരാതിയിൽ പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ളിഫ് ഹൗസിൽ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിന് തെളിവ് കണ്ടെത്താനായില്ലെന്നും ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് കേന്ദ്ര സർക്കാരിനും സി.ബി.എെക്കും അയച്ച റിപ്പോർട്ടിൽ പറയുന്നു..
2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിൽ അന്ന് ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. പരാതിക്കാരി ആ ദിവസം ക്ലിഫ് ഹൗസിൽ വന്നതായി ആരും മൊഴി നൽകിയിട്ടില്ലെന്നും, വർഷങ്ങൾ കഴിഞ്ഞതിനാൽ ടൂർ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനായില്ലെന്നും ഏഴു വർഷം കഴിഞ്ഞതിനാൽ ഫോൺ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് മൊബൈൽ കമ്പനികൾ രേഖാമൂലം അറിയിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പരാതിക്കാരിയുടെ മൊഴിയല്ലാതെ, മറ്റ് തെളിവുകളൊന്നും കേസന്വേഷിച്ച പൊലീസ് ഇതുവരെ കൈമാറിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
2018 ലാണ് ഉമ്മൻചാണ്ടി അടക്കമുള്ളവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ഇക്കഴിഞ്ഞ ജനുവരിയിൽ സർക്കാർ കേസ് സി.ബി.എെയ്ക്ക് വിട്ടു. കേസിന്റെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ വിശദാംശങ്ങൾ സി.ബി.ഐ ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകിയത്.
പീഡനക്കേസിന്റെ വിശദാംശങ്ങൾ പരാതിക്കാരി സി.ബി.ഐയുടെ ഡൽഹി ആസ്ഥാനത്ത് സമർപ്പിച്ചതിനു പിന്നാലെയാണ് ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ആറ് പീഡനക്കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. നാല് വർഷമായി കേസന്വേഷിക്കുന്ന കേരള പൊലീസിന് ആർക്കെതിരെയും തെളിവു കണ്ടെത്താനായില്ല. സംസ്ഥാന സർക്കാർ കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ പ്രാഥമിക പരിശോധന നടത്തിവരുകയാണ്. കേസ് സി.ബി.ഐക്ക് വിട്ട സർക്കാരിനെ വെട്ടിലാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്.
ഉമ്മൻചാണ്ടികമന്റ്
സത്യം മൂടിവയ്ക്കാൻ ആർക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ. 2018ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ കോടതിയെപ്പോലും സമീപിച്ചില്ല. പൊലീസിന് എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു.
ഉമ്മൻചാണ്ടി,
മുൻമുഖ്യമന്ത്രി
''ഇടതുപക്ഷം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം''.
-രമേശ് ചെന്നിത്തല