photo

കാസർകോട്: മണ്ഡലത്തിലെ ജനങ്ങൾ വർഷങ്ങളായി ഉപ്പുവെള്ളം കുടിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞത് തന്റെ ഇടപെടൽ കൊണ്ടാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. ഇതിന്റെ പേരിൽ ഒരുപാട് വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ള ജനപ്രതിനിധിയാണ് ഞാൻ. പ്രശ്നം പരിഹരിച്ചപ്പോൾ ക്രെഡിറ്റ് മറ്റുള്ളവർക്ക്, പരിഹരിച്ചില്ലെങ്കിൽ കുറ്റം എം.എൽ.എയ്ക്ക് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കുപ്പിയിൽ ഉപ്പുവെള്ളം കുടിക്കാൻ കൊടുത്തയാളാണ് ഇന്ന് എന്റെ എതിർ സ്ഥാനാർത്ഥി കെ.ശ്രീകാന്ത്.

കാസർകോട് മണ്ഡലത്തിലെ ജനങ്ങളാണ് ബാവിക്കര പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ മണ്ഡലത്തിന്റെ ഒരു പ്രശ്നം ഉദുമ മണ്ഡലത്തിലെ എം.എൽ.എ വന്നിട്ട് പരിഹരിച്ചു എന്നുപറയുന്നത് തെറ്റിദ്ധാരണാജനകമാണ്. 1998ൽ എട്ടര കോടിയുടെ കരാർ, പദ്ധതി കൃത്യമായി നടത്തുന്നതിന് പി.ജെ. ജോസഫ് ജലസേചന മന്ത്രിയായിരിക്കെ 35 ശതമാനം വർദ്ധിപ്പിച്ചു നൽകിയത് കൊണ്ടാണ് ബാവിക്കര പദ്ധതി ഇന്ന് പൂർത്തിയായത്. ആ പദ്ധതിയുടെ വഴിത്തിരിവായിരുന്നു അതെന്നും അല്ലെങ്കിൽ ഇന്നും ഉപ്പുവെള്ളം തന്നെ കുടിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ വികസനത്തിനായി 468 കോടിയുടെ പദ്ധതികൾ നടപ്പിലാക്കി. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ നാടിനെ അവഗണിക്കുകയാണ്. അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് കിട്ടാൻ എം.എൽ.എയ്ക്ക് വണ്ടിയിൽ യാത്ര ചെയ്ത് ചങ്ങല വലിക്കേണ്ടിവന്നുവെന്നും എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. വർഗീയ പാർട്ടി എന്ന് ഇലക്ഷൻ കമ്മീഷൻ ഇതുവരെ ഒരു സംഘടനയെ കുറിച്ചും പറഞ്ഞിട്ടില്ല. ഇലക്ഷൻ കമ്മീഷൻ പറഞ്ഞാൽ ആ സംഘടനകളെ മാറ്റിനിർത്താം എന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു.