
എ.ഐ.സി.സി നിരീക്ഷകനും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ഡോ. ജി. പരമേശ്വര കേരളകൗമുദിയോട് സംസാരിക്കുന്നു.
? തുടർഭരണം ഉറപ്പാണെന്നാണ് ഇടതുമുന്നണി മുദ്രാവാക്യം.
അഴിമതിയുടെ കൂത്തരങ്ങായ ഭരണത്തിന് തുടർച്ചയാവശ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ വിരോധാഭാസമാണ്. അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കല്ലാതെ ആർക്കാണ് ഇൗ ഭരണം കൊണ്ട് നേട്ടമുണ്ടായത്. യുവാക്കളും സർക്കാർ ജീവനക്കാരും ഇൗശ്വരവിശ്വാസികളും അസ്വസ്ഥരായ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്.
?എന്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. യു.ഡി.എഫാകട്ടെ അൻപത് ശതമാനം പുതുമുഖങ്ങളെയാണ് സ്ഥാനാർത്ഥികളാക്കിയത്. ഇന്നേവരെയുള്ള പാർട്ടിയിൽ ഇത്തരത്തിലൊരു സ്ഥാനാർത്ഥി നിർണയം കണ്ടിട്ടില്ല. അസാമാന്യ ധൈര്യം വേണം സീനിയർ നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകാൻ. അതും കോൺഗ്രസിൽ. ആ ധൈര്യം എ.ഐ.സി.സി നേതൃത്വം കാണിച്ചു. അംഗീകരിക്കാൻ സംസ്ഥാന നേതാക്കളും. അവർ മാറ്റം ആവശ്യമാണെന്ന് മനസിലാക്കുന്നു. ജനങ്ങളും അതിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ.
? സ്ഥാനാർത്ഥി നിർണയത്തിൽ അപസ്വരങ്ങളുണ്ടല്ലോ
അത് സ്വാഭാവികമല്ലേ, ഇത്രയുമേ ഉണ്ടായുള്ളുവെന്നതാണ് അദ്ഭുതം. പിന്നെ ഏത് മുന്നണിയിലാണ് സ്ഥാനാർത്ഥി നിർണയത്തിൽ അപസ്വരങ്ങളില്ലാത്തത്. ഇടതുമുന്നണിയുടെ എത്രമണ്ഡലങ്ങളിൽ പ്രതിഷേധം തെരുവിലെത്തി. ബി.ജെ.പിയിലും ഭിന്നതയുണ്ടെന്ന് വാർത്തകളുണ്ടല്ലോ.
?ഭിന്നതകൾ പ്രവർത്തകരുടെ ആവേശം കെടുത്തില്ലേ
അങ്ങനെ വരുമെന്ന് തോന്നുന്നില്ല. പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ പൊതുവെ എല്ലാവരിലും പ്രതീക്ഷയാണുണ്ടാകുക. നാളെ തനിക്കും ഇത് കിട്ടുമെന്ന വിശ്വാസമുണ്ടാകും.
? പാർട്ടിയിൽ നിന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത്
അത് വളരെ വലിയ കാര്യമാണോ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ അത്തരം പ്രവണത കുറവാണ്. ആശയപരമായ കൊഴിഞ്ഞുപോക്കല്ലല്ലോ, വെറും വ്യക്തിപരമല്ലേ?
? ഭൂരിപക്ഷം കിട്ടിയാൽ ആരായിരിക്കും മുഖ്യമന്ത്രി
നേതാക്കൾക്ക് പഞ്ഞമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഹൈക്കമാൻഡിന്റെ സാന്നിദ്ധ്യത്തിൽ ജനാധിപത്യമായ രീതിയിൽ വേണ്ട സമയത്ത് അത് തീരുമാനിക്കും. ഇപ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ചാണ് നയിക്കുന്നത്.