
തിരുവനന്തപുരം: സി.പി.എം പരാജയഭീതിയിൽ ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ അടക്കമുള്ള ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കുകയാണ്. കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന് പൊലീസ് സ്‌റ്റേഷനുമുന്നിൽ ധർണ നടത്തേണ്ടിവന്നു.
അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിയ ഇടതുസർക്കാരിനെ ജനം അറബിക്കടലിലെറിയും. ശബരിമല വിഷയത്തിൽ വിശ്വാസിയല്ലാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്തിനാണ് ഇടപെടുന്നത്? മുസ്ലിം പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കാനം ആവശ്യപ്പെടുമോ ? പുറമെ മതേതരത്വം പറയുന്നവർ അകമേ മതമൗലികവാദം പറയുന്നവരായിരിക്കും. എല്ലാ ജില്ലകൾക്കും മെഡിക്കൽ കോളേജ് അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായി. ഒരുവർഷത്തിനിടെ തമിഴ്നാട് സർക്കാർ 11 മെഡിക്കൽ കോളേജുകൾക്ക് അനുമതി നേടി. കേരളം ഒരു മെഡിക്കൽ കോളേജിനുപോലും അനുമതി ചോദിച്ചിട്ടില്ല. സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിലും ഗുരുവായൂരും രണ്ടുദിവസത്തിനകം നിലപാട് വ്യക്തമാക്കും.
പ്രധാനമന്ത്രി
മൂന്നു വേദികളിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പു പ്രചാരണത്തിന് പാലക്കാടും കോന്നിയിലും തിരുവനന്തപുരത്തും എത്തും. 30ന് പാലക്കാട്ടെ പ്രചാരണം കഴിഞ്ഞ് മടങ്ങും. ഏപ്രിൽ രണ്ടിന് വൈകിട്ട് മൂന്നിന് കോന്നിയിലും അഞ്ച് മണിക്ക് തിരുവനന്തപുരത്തുമാണ് പ്രചാരണം.
തിരുവനന്തപുരത്തെ പരിപാടിക്ക് സെൻട്രൽ സ്റ്റേഡിയം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി തരാതെ സർക്കാർ ഉഴപ്പുകയാണെന്ന് സി.പി. രാധാകൃഷ്ണൻ പറഞ്ഞു.