cash

തലശ്ശേരി: ലക്ഷങ്ങൾ വെട്ടിച്ച് ട്രാവൽ ഏജന്റ് മുങ്ങിയതായി പരാതി. കതിരൂർ അഞ്ചാംമൈലിലെ ബെസ്റ്റ് വേ ട്രാവൽസ് ഉടമ മുഹമ്മദ് അഷ്ഫാഖിന്റെ കൊറിയൻ വിസ തട്ടിപ്പിനിരയായതായി മലപ്പുറം സ്വദേശികളാണ്കതിരൂർ പൊലീസിൽ പരാതിപ്പെട്ടത്. മലപ്പുറം വാഴയൂർ പഞ്ചായത്തിലെ അഴിഞ്ഞിലത്തിൽ കെ.സുഭാഷ് കുമാറിനും സുഹൃത്ത് എം.പ്രേമചന്ദ്രനും നാലരലക്ഷം രൂപയാണ് ന്ഷ്ടമായത്.
ക്രെയിൻ ഓപറേറ്ററാണ് സുഭാഷ്. കൽപണിക്കാരനും മേസ്ത്രിയുമാണ് പ്രേമചന്ദ്രൻ കൊറിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2018 ഫെബ്രുവരിയിലാണ് ഇരുവരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി നാലര ലക്ഷത്തോളം രൂപ കതിരൂർ അഞ്ചാംമൈലിലെ അഷ്ഫാഖ് വാങ്ങിയതത്രെ. വിസ രേഖകൾ തയ്യാറാക്കാനായി സുഭാഷിനേയും പ്രേമചന്ദ്രനെയും ചെന്നൈയിലേക്ക് വിളിപ്പിച്ചു. അവിടെ കൊറിയൻ എംബസിയിൽ നൽകാനെന്ന പേരിൽ വ്യാജ രേഖകൾ ചമച്ചു. ഇതിനായി 40 ദിവസത്തോളം ചെന്നൈയിൽ താമസിപ്പിച്ചു. കൊറിയൻ യാത്രയ്ക്ക് മുൻപെ മലേഷ്യ, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങൾ സന്ദർശിക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് 15 ദിവസം ഇവിടങ്ങളിലേക്കും അയച്ചു. ഈ യാത്രകളെല്ലാം സുഭാഷിന്റെയും പ്രേമചന്ദ്രന്റെയും ചിലവിലായിരുന്നു.

ഇതിൽ പിന്നീടാണ് കൊറിയയിലേക്ക് അയച്ച രേഖകൾ അവർ നിരസിച്ചതായി അറിയിക്കുന്നത്. ഇതിനകം 4 ലക്ഷത്തി മുപ്പതിനായിരം രൂപ ഇരുവർക്കും ചിലവായി. വിസ ലഭിക്കില്ലെന്നറിഞ്ഞതോടെ പണം തിരിച്ചു ചോദിച്ചപ്പോൾ അഷ്ഫാഖ് കൈമലർത്തി. ഇപ്പോൾ കതിരൂരിലെ ട്രാവൽ ഏജൻസിയും അടച്ചിട്ട് ഇയാൾ മുങ്ങിയിരിക്കുകയാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ഇവരുടെ പരാതിയിൽ പറയുന്നു.