d

തിരുവനന്തപുരം:ഇടതുകോട്ടയെന്നറിയപ്പെടുന്ന വാമനപുരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ് പറയുമ്പോൾ എന്തുവിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്. നിലമെച്ചപ്പെടുത്തി വിജയത്തിലേക്കെത്താൻ എൻ.ഡി.എയും കരുത്തുറ്റ പോരാട്ടമാണ് നടത്തുന്നത്. കൊടുംചൂടിലും തളരാത്ത ആവേശവീര്യത്തിലാണ് സിറ്രിംഗ് എം.എൽ.എ എൽ.ഡി.എഫിലെ ഡി.കെ. മുരളി,യു.ഡി.എഫിലെ ആനാട് ‌ജയൻ,എൻ.ഡി.എയുടെ തഴവ സഹദേവൻ എന്നിവർ. ദേശീയ,സംസ്ഥാന രാഷ്ട്രീയം മുതൽ മണ്ഡലത്തിലെ വികസനം വരെ പ്രചാരണ വിഷയങ്ങളായി ഉയർത്തിക്കാട്ടിയാണ് സ്ഥാനാർത്ഥികളുടെ പ്രചാരണം.വോട്ടർമാരുടെ മനസിളക്കാനുള്ള തന്ത്രങ്ങളാണ് മൂന്ന് മുന്നണികളും പയറ്റുന്നത്.

ഡി.കെ നമുക്ക് ഒ.കെ

രാവിലെ 8 മണി.വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഡി.കെ.മുരളിയുടെ വാഹനപര്യടനത്തിന് വാമനപുരം ജംഗ്ഷനിൽ തുടക്കമായി.മുദ്രാവാക്യം മുഴക്കി സ്ഥാനാർത്ഥിക്ക് സ്വീകരണം.'ജനങ്ങളെ പട്ടിണിക്കിടാത്ത സർക്കാർ ഇനിയും വരണം.മഹാദുരിതങ്ങളും ദുരന്തവും ഉണ്ടായപ്പോൾ കൈത്താങ്ങായ സർക്കാർ ഇനിയും വരണം. ഇടതുപക്ഷം ഹൃദയപക്ഷമാണ്.സ്വീകരണ കേന്ദ്രങ്ങളിൽ ഡി.കെ.മുരളി ഇതുപറയുമ്പോൾ അഭിവാദ്യമർപ്പിച്ച് പ്രവർത്തകരുടെ ആവേശം.ആനച്ചൽ ജംഗ്ഷനിലെത്തിയപ്പോൾ സ്ഥാനാർത്ഥിയെ പ്രതീക്ഷിച്ച് നാല് വയസുകാരി ആലില കൈയിലൊരു ചുവന്ന ഹാരവുമായി നിൽക്കുന്നു.സ്ഥാനാർത്ഥി കുട്ടിയുടെ അടുത്തെത്തി ഹാരം സ്വീകരിച്ച് സന്തോഷം പങ്കുവച്ചു. പ്രചാരണജാഥ അവസാനിച്ച കുറ്റിമൂട് ജംഗ്ഷനിലും രാത്രി വൈകിയും പ്രവർത്തകർ അഭിവാദ്യമർപ്പിക്കാൻ ഉണ്ടായിരുന്നു.എല്ലായിടത്തെയും സ്വീകരണം കഴിഞ്ഞപ്പോൾ വൈകിപ്പോയെന്നുപറഞ്ഞ് ക്ഷമാപണം.ഡി.കെ നമുക്ക് ഓക്കെയാണെന്നായിരുന്നു അതിന് പ്രവർത്തകരുടെ മറുപടി.

1000 കോടിയിലധികം വികസനം മണ്ഡലത്തിൽ എത്തിച്ചിട്ടുണ്ട്. ഇനിയും തിരഞ്ഞെടുത്താൽ പുതിയ പദ്ധതികൾക്ക് രൂപം നൽകി വാമനപുരം വികസന മാതൃകയാക്കും.

- ഡി.കെ. മുരളി

കട്ടൻചായ കുടിച്ച് ബൈക്കിലേറി

കടുത്ത ചൂടാണെങ്കിലും മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ഇടയ്ക്ക് കോടമഞ്ഞിന്റെ തണുപ്പുണ്ട്.പുലർച്ചെ പൊൻമുടിയിലെ തൊഴിലാളി ലയങ്ങളിലെ ആദ്യ വിരുന്നുകാരനായി എത്തിയത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആനാട് ജയനായിരുന്നു.തൊഴിലാളികളോട് കുശലം പറഞ്ഞ് കട്ടൻ ചായയും കുടിച്ച് അടുത്ത ലയത്തിലേക്ക്.'ദുരിതങ്ങൾ ഏറെയുണ്ട് സാറേ,ആരോടാ പറയേണ്ടത്' എന്ന് തൊഴിലാളികൾ. 'വിഷമിക്കേണ്ട,ശരിയാക്കാം.പിന്തുണ വേണം.'സ്ഥാനാർത്ഥിയുടെ ആശ്വാസവാക്കുകൾ.തുടർന്ന് പൊൻമുടിയിലെ വ്യാപാര കേന്ദ്രങ്ങളിലും വീടുകളിലും സന്ദർശനം.അവിടെ നിന്ന് ഉച്ചയ്ക്ക് പാലോട് തെന്നൂർ എന്നിവിടങ്ങളിൽ.പ്രവർത്തകരുടെ ബൈക്കിന്റെ പിറകിലിരുന്നാണ് വോട്ട്പിടിത്തം. തെന്നൂരിലെത്തി അവിടെ തൊഴിലുറപ്പ് തൊഴിലാളികളോട് കുശലം പറച്ചിൽ.പെരിങ്ങമ്മല പഞ്ചായത്തിലെ പര്യടനത്തിനിടയ്ക്ക് പന്നിയോട് കടവിൽ മാലിന്യ പ്ളാന്റ് സമരം നയിച്ചിരുന്ന, ഇപ്പോൾ രോഗശയ്യയിൽ കിടക്കുന്ന ഭവാനി അമ്മയെയും സന്ദർശിച്ച് ആശ്വസിപ്പിച്ചു. വാമനപുരം ജംഗ്ഷനിൽ വാഹന പ്രചാരണ ജാഥ അടൂ‌ർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.

വികസനം എന്നത് അന്യമായ വാമനപുരത്ത് വികസനമെത്തിക്കും. വികസനം വാക്കാൽ പറയുന്നതല്ല പ്രവൃത്തിയാലാണ്.

തിരഞ്ഞെടുത്താൽ വാമനപുരവും മാറും.

-ആനാട് ജയൻ

ഹെൽമെറ്റ് ഉയർത്തി അഭിവാദ്യം

മൂന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെക്കാൾ ആവേശത്തോടെയാണ് വാമനപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്റെ വോട്ടഭ്യർത്ഥന.പുലർച്ചെ പര്യടനത്തിനിറങ്ങും.രാവിലെ ഉണർവോടെ കുറേ അധിക നേരം പരമാവധി വീട്ടിലെത്താൻ സാധിക്കുമെന്നാണ് സഹദേവൻ പറയുന്നത്. രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പനവൂർ പഞ്ചായത്തിലായിരുന്നു വോട്ട് അഭ്യർത്ഥന. പനവൂർ ജംഗ്ഷനിൽ നിന്ന് ആവേശത്തുടക്കം. 'ഇടതും വലതും ഭരിച്ചിട്ടുണ്ട് ഇവിടെ. എന്നിട്ട് എന്ത് വന്നു.മാറി ചിന്തിക്കണ്ടേ.എൻ.ഡി.എ നിങ്ങളുടെ വികസന സ്വപ്നത്തിന്റെ മുന്നണിയാണെന്ന്' പറഞ്ഞ് ചെറുപ്രസംഗം.അതുകഴിഞ്ഞ് തുറന്ന വാഹനത്തിൽ അടുത്ത സ്ഥലത്തേക്ക്.ഇടയ്ക്ക് പനവൂരിടുത്ത് തൊഴിലുറപ്പ് ജോലിയിൽ ഏ‌ർപ്പെട്ടിരുന്നവരെ കണ്ട് വണ്ടി നിറുത്തിയിറങ്ങി വോട്ടഭ്യർത്ഥിച്ചു.അതിനിടെ വീരമൃത്യു വരിച്ച ജവാൻ പ്രവീണിന്റെ വീട് സന്ദർശിക്കാനും സമയം കണ്ടെത്തി.പഞ്ചായത്തിൽ ഉടനീളം വാഹനപര്യടനം. പലയിടങ്ങളിലും സ്ഥാനാർത്ഥി എത്തുമ്പോൾ പ്രവർത്തകർ ചിഹ്നമായ ഹെൽമെറ്റ് ഉയർത്തി അഭിവാദ്യമർപ്പിച്ചു.

തിരഞ്ഞെടുത്താൽ മണ്ഡലത്തിലെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ ബോദ്ധ്യപ്പെടുത്തി പുതിയ പദ്ധതികൾ കൊണ്ടുവരും. ഇടതും വലതും അവകാശപ്പെടുന്ന വികസനം വാക്കുകളിൽ മാത്രമാണ്. ഇത്തവണ ജനം എൻ.ഡി.എക്ക് ഒപ്പം നിൽക്കും.

-തഴവ സഹദേവൻ