pinarayi

ആന്റണിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന കോൺഗ്രസ് ശൈലി; വലിയ ഗൗരവം നൽകേണ്ട

തിരുവനന്തപുരം: ഇടതിന് ഭരണത്തുടർച്ച കിട്ടിയാൽ കേരളത്തിൽ സർവ്വനാശമായിരിക്കുമെന്ന് എ.കെ.ആന്റണി പറഞ്ഞതിന് വലിയ ഗൗരവം നൽകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. എൽ.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലമായെന്നും സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ഭരണ തുടർച്ചയ്‌ക്ക് വഴി തെളിക്കുമെന്നും ആന്റണിക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ. ഡി. എഫ് യോഗങ്ങളിൽ ജനാവലിയുടെ അതിശയിപ്പിക്കുന്ന ഒഴുകിയെത്തലാണ്. മുമ്പ് ഒരു തിരഞ്ഞെടുപ്പിലും കാണാത്ത വലിയ ആരവം കാണുന്നു. സർക്കാരിനോട് ജനങ്ങൾക്ക് വലിയ മമതയാണ്. അഞ്ചുവർഷം വിവിധ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടായി.മഹാപ്രളയം, ഓഖി, നിപ, കോവിഡ് തുടങ്ങിയ മഹാ ദുരന്തങ്ങൾ വന്നപ്പോൾ സർക്കാരിന് കഴിയുന്നതിന്റെ പരമാവധി ചെയ്തു എന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്.

ആന്റണി പറഞ്ഞതാണ് സാധാരണ സംഭവിക്കാറ്. അധികാരത്തിൽ എത്തിയാൽ അതിന്റെ ഭാഗമായ തൻ പ്രമാണിത്തം വരാറുണ്ട്. ഇരിക്കുന്ന കസേരയുടെ പ്രത്യേകതയാണത്. ഞങ്ങൾക്കങ്ങനെ അനുഭവമില്ല. വാശിയോടെ തിരഞ്ഞെടുപ്പ് നടന്ന് സർക്കാർ വന്നാൽ സർക്കാർ എല്ലാവർക്കുമുള്ളതാണ്. ജയിച്ചവരുടേയും തോൽപ്പിക്കാൻ ശ്രമിച്ചവരുടേയും സർക്കാരാണത്. എല്ലാവർക്കും നീതി. അങ്ങനെയാണ് ഈ സർക്കാർ മുന്നോട്ടു പോയത്. അതുകൊണ്ടുതന്നെ അഹങ്കാരം വന്നിട്ടില്ല. വ്യക്തിപരമായി പിണറായി വിജയനെക്കുറിച്ച് ആന്റണിയോട് ചോദിച്ചാൽ ഈ അഭിപ്രായമായിരിക്കില്ല പറയുക. കോൺഗ്രസിന്റെ ശൈലിയാണ് ചില കാര്യങ്ങൾ പൊതുജന സമക്ഷം തെറ്റായി അവതരിപ്പിക്കുക എന്നത്. അതിന്റെ ഭാഗമായി ആന്റണിയെപ്പോലൊരാൾ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല.

ഞാൻ ഒരു വോളണ്ടിയർ രീതിക്കാരനാണ്. എനിക്ക് വലിയ നേതൃ ശേഷിയോ പ്രത്യേക കഴിവുകളോ ഇല്ല. അതെനിക്ക് തന്നെ അറിയാം. ഞങ്ങളുടെ വിജയം കൂട്ടായ്‌മയുടെ വിജയമാണ്. മന്ത്രിസഭയുടെയും എൽ.ഡി. എഫിന്റെയും വിജയമാണ്. എന്റേത് മാത്രമായുള്ള സംഭാവനയൊന്നുമില്ല. ഇനിയാര് എന്ന് ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടുമില്ല - പിണറായി പറഞ്ഞു.

ആന്റണി പല്ലുകടിച്ചു പിടിച്ച് പ്രത്യേക രീതിയിലാണ് പറയുന്നത്. അതിനെ ആ ഗൗരവത്തിൽ എടുത്താൽ മതി. ആന്റണിയുടെ രാഷ്ട്രീയം വിമോചന സമരം മുതലുള്ളതാണെന്നും പിണറായി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനത്തിൽ എൽ.ഡി.എഫിന് ഒരു നിലപാടുണ്ട്. തീരദേശം ദുരന്തങ്ങൾക്ക് സാക്ഷിയായപ്പോഴെല്ലാം സർക്കാർ സ്വീകരിച്ച നടപടികൾ തീരദേശ ജനതയ്ക്ക് അറിയാം. ആഴക്കടൽ മത്സ്യ ബന്ധന വിവാദം ബോധപൂർവം സൃഷ്ടിച്ചതാണ്. പ്രതിപക്ഷവും ഇ.എം.സി.സിയുമായി ഗൂഢാലോചന നടത്തി.വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് കരാറൊപ്പിട്ടത്.

ക്രൈസ്തവ സഭകളുടെ തർക്കം പരിഹരിക്കാൻ സർക്കാർ നല്ല ശ്രമം നടത്തി. അതെല്ലാം പാളിപ്പോയി. വ്യക്തമായ ഉപാധികളാണ് സർക്കാർ വച്ചത്. ശബരിലയിൽ ഇപ്പോൾ പ്രശ്നങ്ങളില്ല. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.