mullappally

തിരുവനന്തപുരം : പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവർക്ക് 1000 വീടുകൾ വച്ചുനൽകുന്ന കെ.പി.സി.സി യുടെ പദ്ധതിപ്രകാരം ഇതുവരെ വീടുകൾ നൽകിയ 547 പേരുടെ ലിസ്റ്റ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പുറത്തിറക്കി . പദ്ധതിയിൽ ഇതുവരെ ഒരാളിന് പോലും വീട് നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെയും മറ്റും ആരോപണങ്ങൾക്കിടെയാണിത്

367 വീടുകൾ കെ.പി.സി.സി നേരിട്ട് നിർമ്മിച്ചതും 180 വീടുകൾ കോൺഗ്രസ് എം.എൽ.എമാരുടെ നേതൃത്വത്തിൽ സ്പോൺസർ ചെയ്യപ്പെട്ടതുമാണ്. എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, വി.എം.സുധീരൻ,എം.എം.ഹസൻ, കെ.വി.തോമസ്, പി.ജെ.കുര്യൻ അടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കൾ അഞ്ചു ലക്ഷം രൂപ വീതവും, കെ.പി.എസ് .ടി.എ ,പവർ ബോർഡ് ഓഫീസേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകളും സംഭാവന ചെയ്തിട്ടുണ്ട്. രാജീവ് ഗാന്ധി നാഷണൽ റിലീഫ് ട്രസ്റ്റിന്റെ, 2.16കോടിയും കർണ്ണാടക കോൺഗ്രസ് കമ്മിറ്റിയുടെ ഒരു കോടിയുമടക്കം ആകെ 4.50 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. സി.പി.എമ്മിനെപ്പോലെ, ബക്കറ്റ് പിരിവെടുക്കുകയോ, പൊതുജനങ്ങളിൽ നിന്ന് ഒരു രൂപ പോലും പിരിക്കുകയോ ചെയ്തിട്ടില്ല.. സ്വന്തമായി സ്ഥലമുള്ളവർക്ക് മാത്രമാണ് വീട് നൽകിയത്..ഒരു വീടിന് 5 ലക്ഷം രൂപയായിരുന്നു ധനസഹായം .
രാഷ്ട്രീയ അജൻഡ

നിശ്ചയിച്ചു കഴിഞ്ഞു

പിണറായി സർക്കാർ തുടർന്നാൽ സർവനാശമെന്ന എ.കെ.ആന്റണിയുടെ പ്രസ്‌താവനയോടെ, കേരള രാഷ്ട്രീയത്തിന്റെ അജൻഡ നിശ്ചയിച്ചു കഴിഞ്ഞു. സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആരോപണങ്ങൾക്ക് മറുപടി പറയാതെ പരസ്പരം ഒളിച്ചുകളിക്കുകയാണ്. . അമിത്ഷാ വീണ്ടുമെത്തിയത് സി.പി.എമ്മുമായി അന്തിമ കരാർ ഉറപ്പിക്കാനാണ്. ഉമ്മൻചാണ്ടിയെ വേട്ടയാടിയ സോളാർ കേസിന് പിന്നിലെ ഉന്നത ഗൂഢാലോചന പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.