milma

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ നിയമാവലിയിലെ 20 വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കം അംഗസംഘം പ്രസിഡന്റുമാർ വോട്ട് ചെയ്ത് പരാജയപ്പെടുത്തി. 713 അംഗസംഘം പ്രസിഡന്റുമാർ പങ്കെടുത്ത പൊതുയോഗത്തിൽ 430 പേരും എതിർത്ത് വോട്ട് ചെയ്തതിനെതുടർന്ന് ഭേദഗതി നീക്കം ഉപേക്ഷിച്ച് അഡ്മിനിസ്ട്രേറ്റർ പൊതുയോഗം അവസാനിപ്പിക്കുകയായിരുന്നു.

ഓൺലൈനിൽ 25 സ്ഥലങ്ങളിൽവച്ച് ബുധനാഴ്ച ഒരേസമയം നടത്തിയ വാർഷിക പൊതുയോഗത്തിലാണ് നിയമാവലിയിലെ പ്രധാന വകുപ്പുകൾക്ക് ഭേദഗതി അവതരിപ്പിച്ചത്. സഹകരണ നിയമപ്രകാരം സ്ഥിരനിയമനം ഉൾപ്പെടെയുള്ള നയപരമായ തീരുമാനങ്ങളെടുക്കാൻ സർക്കാർ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർക്ക് അധികാരമില്ലെന്നിരിക്കെ മിൽമ ഭരണം പിടിച്ചെടുക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് സർക്കാർ നീക്കമെന്ന് മിൽമ മുൻ ചെയർമാൻ കല്ലട രമേശ് ആരോപിച്ചു. ഇതു തിരിച്ചറിഞ്ഞ് അംഗസംഘം പ്രസിഡന്റുമാർ ഒറ്റക്കെട്ടായി അതിനെ എതിർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 35 വർഷമായി മിൽമയുടെ ഭരണം കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ്. ഈ സമിതിയെ പിരിച്ചുവിട്ട് സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16 നാണ് അഡ്മിനിസ്ട്രേറ്റർ ഭരണം നിലവിൽ വന്നത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ മിൽമയിലെ ജനാധിപത്യ ഭരണം അട്ടിമറിക്കാനും ക്ഷീരകർഷകരുടെ ആശ്രയമായ മിൽമ പ്രസ്ഥാനത്തെ തകർക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും കല്ലട രമേശ് പറഞ്ഞു.