
ഇ. ശ്രീധരൻ എന്ന ബ്രാൻഡിന് നിയമസഭാ തിരഞ്ഞെടുപ്പ് നിശ്ചയിക്കുന്ന രാഷ്ട്രീയ വിപണിമൂല്യം എത്രയായിരിക്കും എന്നതിലേക്ക് ഇന്ത്യയാകെ ഉറ്റുനോക്കുന്നു. ആ നോട്ടം കേന്ദ്രീകരിക്കപ്പെടുന്നത് പാലക്കാട്ടേക്കാണ്. പാലക്കാട്ട് പഠിച്ചുവളർന്ന ശ്രീധരൻ ബി.ജെ.പിയുടെ താരസ്ഥാനാർത്ഥിയാണിവിടെ.എതിരാളികളായി കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ ഷാഫി പറമ്പിലും സി.പി.എമ്മിൽ നിന്ന് അഭിഭാഷക യൂണിയൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി .സി.പി. പ്രമോദുമുണ്ട്. ലക്ഷണമൊത്ത ത്രികോണപ്പോര്.പാലക്കാട്ട് കൊടുംചൂടാണ്. കഴിഞ്ഞദിവസം 40ഡിഗ്രി വരെയെത്തി. സന്ധ്യക്ക് വെറുതെ പുറത്തിറങ്ങി നിന്നാലും ചെവിയിൽ നിന്ന് ചുടുകാറ്റ് പാറും. രാഷ്ട്രീയമാപിനിയിലാകട്ടെ ചൂടിന്റെ തോത് അതിലും കടക്കുന്നു. വികസനവും വികസനമുരടിപ്പുമാണ് മണ്ഡലം ചർച്ച ചെയ്യുന്നത്.
ഏറ്റവുമൊടുവിലത്തെ തദ്ദേശതിരഞ്ഞെടുപ്പിലെ കണക്ക് നോക്കുമ്പോൾ യു.ഡി.എഫിന് മണ്ഡലത്തിൽ മേൽക്കൈയുണ്ട്. ആളുകളെ കൈയിലെടുക്കുന്ന വാക്ചാതുരിയും യുവത്വത്തിന്റെ പ്രസരിപ്പുമാണ് ഷാഫിയുടെ കൈമുതൽ. പാലക്കാട്ടെ കമ്മ്യൂണിസ്റ്റ് മഹിതപാരമ്പര്യത്തിലെ ഇളയകണ്ണിയെന്നതും നിയമകാര്യങ്ങളിലടക്കമുള്ള അവഗാഹവും മന്ത്രി എ.കെ. ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള പ്രവർത്തന മികവും സി.പി.എം സ്ഥാനാർത്ഥി പ്രമോദിന് തുണയായുണ്ട്. എൻ.ജി.ഒ യൂണിയൻ സ്ഥാപകനേതാവ് ഇ. പത്മനാഭന്റെ മകനും പഴയകാല സി.പി.എം എം.എൽ.എ എം.സി. കുഞ്ഞിരാമൻ മാസ്റ്ററുടെ പേരമകനുമാണ്.
മെട്രോമാൻ എന്ന ഒറ്റനാമത്തിൽ രാജ്യമാകെ അറിയപ്പെടുന്ന ശ്രീധരന് മറ്റ് വിശേഷണങ്ങളൊന്നും വേണ്ട. ബി.ജെ.പിക്കാരുടെ വാക്കുകളിൽ അഭിനവ ഭഗീരഥൻ! പിരായിരി പഞ്ചായത്തിലെ പുഡൂർ മൂത്തേടം കുണ്ടുപറമ്പ് എസ്.സി കോളനിയിൽ ഷാഫി പറമ്പിൽ നാലരമണിക്കെത്തേണ്ടതാണ്. തിരക്കിട്ട ഓട്ടത്തിനിടയിൽ എത്തിയത് അഞ്ചേമുക്കാലിന്. വൈകിപ്പോയതിന്റെ കുറവ് തീർക്കാൻ അമ്മമാരെയെല്ലാം വന്നപാടേ കൈയിലെടുത്ത് പാട്ടിലാക്കിക്കളഞ്ഞു! ഇ. ശ്രീധരനെപ്പറ്റി ഷാഫിയോട് പാലക്കാട് ഡി.സി.സി ഓഫീസിൽ കണ്ടപ്പോൾ ചോദിച്ചു: ടെക്നോക്രാറ്റ് എന്ന നിലയിൽ ശ്രീധരനെ അംഗീകരിക്കുന്നെങ്കിലും അദ്ദേഹമിപ്പോൾ ചേർന്ന ആശയത്തോട് പൊതുസമൂഹം യോജിക്കുമെന്ന് തോന്നുന്നില്ലെന്ന് മറുപടി. ശ്രീധരനെ പേടിയുണ്ടോയെന്ന കുസൃതിച്ചോദ്യത്തിനുമുണ്ട് ഉത്തരം: "എതിർപക്ഷത്തെ സ്ഥാനാർത്ഥി ദുർബലനോ ശക്തനോയെന്ന് നോക്കിയല്ലല്ലോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. " കഴിഞ്ഞ തവണത്തെ ഇടതുതരംഗത്തിലും തന്റെ ഭൂരിപക്ഷം ഏഴായിരത്തിൽ നിന്ന് പതിനേഴായിരം കടത്തിയത് ജനം കൈവിടില്ലെന്ന ആത്മവിശ്വാസം കൂട്ടുന്നുവെന്നാണ് ഷാഫി പറയുന്നത്.വിക്ടോറിയ കോളേജ് റോഡിൽ പണ്ഡിറ്റ് മോത്തിലാൽ ഗവ.മോഡൽ സ്കൂളിൽ അദ്ധ്യാപകരോടും ജീവനക്കാരോടും കുട്ടികളോടുമൊപ്പം അവരിലൊരാളായി നടന്നുനീങ്ങുകയാണ് സി.പി.എം സ്ഥാനാർത്ഥി പ്രമോദ്. കൂട്ടുകാരാക്കി തോളത്ത് കൈയിട്ടാണ് കുട്ടികൾക്കൊപ്പം നടത്തം. സ്കൂളിലെ ജീവനക്കാരികളിലൊരാൾ പറഞ്ഞു: "ഈ സാറ് വന്നാലേ സ്കൂളിൽ പാചകത്തൊഴിലാളികളുടെ പ്രശ്നമൊക്കെ പരിഹരിക്കൂ..."
ശ്രീധരൻ വന്നത് മാദ്ധ്യമശ്രദ്ധയുയർത്തിയിട്ടുണ്ടെന്ന് പ്രമോദും പറഞ്ഞു. "എന്നാൽ ത്രികോണമത്സരത്തിന്റെ തീവ്രത കൂടിയെന്ന് തോന്നുന്നില്ല. ഭരണവിരുദ്ധവികാരം സംസ്ഥാനത്തില്ല. ജയം നൂറ് ശതമാനമുറപ്പ്. " - പ്രമോദിന്റെ ആത്മവിശ്വാസം പുറത്തേക്കൊഴുകി.
ശ്രീധരൻ രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറപ്പെടാനൊരുങ്ങുമ്പോഴാണ് കണ്ടുമുട്ടിയത്. താൻ ബി.ജെ.പിയിൽ ചേർന്നതോടെ ആ പാർട്ടിയെപ്പറ്റിയുള്ള ആളുകളുടെ നിഗമനം മാറിയെന്നാണ് ശ്രീധരൻ പറയുന്നത്. നൂറുശതമാനം വിജയിക്കുമെന്ന അദ്ദേഹത്തിന്റെ ഉറപ്പിന് പ്രതീക്ഷയേകുന്നത്, മദ്ധ്യവർത്തിയായി നിൽക്കുന്ന നിഷ്പക്ഷമതികൾ വ്യക്തിയെന്ന നിലയ്ക്ക് തന്നെ അംഗീകരിക്കുമെന്ന വിശ്വാസമാണ്.കുടുംബയോഗങ്ങളിൽ പങ്കെടുത്ത് അവരോട് തന്റെ വികസന സങ്കല്പങ്ങൾ പങ്കുവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രചാരണരീതി. കല്പാത്തി ശംഖുവരമേട് പട്ടികജാതി കോളനിയിൽ അദ്ദേഹമെത്തിയപ്പോൾ ആളുകൾ പുഷ്പവൃഷ്ടി നടത്തി വരവേറ്റു.കല്പാത്തിയിലും നൂറണി, കൊടുന്തിരപ്പുള്ളി എന്നീ അഗ്രഹാരങ്ങളിലുമായി ബ്രാഹ്മണ സമുദായക്കാർ തിങ്ങിപ്പാർക്കുന്ന മണ്ഡലമാണ് പാലക്കാട്. നായർ സമുദായത്തിനുമുണ്ട് സ്വാധീനം. യു.ഡി.എഫിനെ തുണച്ചുവന്ന ഈ സവർണ വോട്ടുബാങ്കിൽ ശ്രീധരനനുകൂലമായി സംഭവിക്കാവുന്ന അടിയൊഴുക്കുകളെ ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പുഫലത്തിന്റെ ഭാവിയെന്ന വിലയിരുത്തലുകളുണ്ട്. ഷാഫിയുടെ ജനപ്രീതിയും മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ സ്വാധീനവും തുണയാകുമെന്നതിൽ കോൺഗ്രസിന് സംശയമില്ല.
കല്പാത്തി രഥോത്സവത്തെ സഹായിക്കുമാറ് വൈദ്യുതികേബിളുകൾ ഭൂഗർഭകേബിൾ സംവിധാനമാക്കുന്നതിലടക്കം ഷാഫി മുൻകൈയെടുത്തതിനാൽ ആ വോട്ടുകളൊന്നും ചോരില്ലെന്നാണ് ഒരു കോൺഗ്രസുകാരന്റെ അവകാശവാദം. കണ്ണാടി, പിരായിരി പഞ്ചായത്തുകളിലെ സ്വാധീനത്തിനൊപ്പം ശ്രീധരൻ പരമാവധി പിടിക്കുന്ന വോട്ടുകളും തങ്ങൾക്കനുകൂല വിധിയെഴുത്തിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടൽ ഇടതിനുണ്ട്. എന്നാൽ, എല്ലാ വിഭാഗങ്ങളിൽ നിന്നും തനിക്കനുകൂലമായ അടിയൊഴുക്ക് പ്രതീക്ഷിക്കുന്നതാണ് ശ്രീധരനെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്നത്.
കണക്കുകൾ:
2016ൽ യു.ഡി.എഫ് - 57559, ബി.ജെ.പി- 40076, യു.ഡി.എഫ്- 38675- യു.ഡി.എഫ് ലീഡ് 17483.
2011ൽ യു.ഡി.എഫ്- 47641, എൽ.ഡി.എഫ്- 40238, ബി.ജെ.പി- 22317- യു.ഡി.എഫ് ലീഡ് 7403.