
കൊടുവാലർപെട്ടി അമ്മൻ കോവിലിനു മുന്നിൽ ബാൻഡ് മേളം. ഉടുപ്പ് ഊരിയെറിഞ്ഞ് താളം ചവിട്ടി പൊന്നുച്ചാമി. 'അമ്മാവുടെ പെരിയ ഫാൻ'. ജയലളിതയുടെ പടമുള്ള ചെറിയ പോസ്റ്റർ നെഞ്ചിൽ സേഫ്ടി പിന്നിൽ കൊരുത്തിട്ടു! ആരോ എ. ഡി.എം.കെയുടെ കറുപ്പ്, വെളുപ്പ്, ചുവപ്പ് നിറത്തിലുള്ള ഷാളും അണിയിച്ചു.തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം മത്സരിക്കുന്ന ബോഡിനായ്ക്കനൂർ മണ്ഡലമാണ്. അദ്ദേഹം ഇന്നലെ മുതലാണ് സ്വന്തം മണ്ഡലത്തിൽ സജീവമായത്. 'ഒ.പി.എസ് മുതലമൈച്ചർ ആക വേണം' തേനിയിലെ അനുഭാവികളുടെ ആഗ്രഹമാണ്. അനൗൺസർ അതു പറയാതെ മന്ത്രി വേണമോ? വെറും എം.എൽ.എ വേണമോ എന്നേ ചോദിക്കുന്നുള്ളൂ. ബാൻഡ് മേളം തുടങ്ങിയപ്പോൾ കോവിൽ നടയിൽ പുരുഷന്മാർ മാത്രം. കാറിൽ പനീർശെൽവത്തിന്റെ ഇരുപതോളം കട്ടൗട്ടുകൾ കൊണ്ടിറക്കി. ഒരാൾ പൊക്കമുള്ള കട്ടൗട്ട്. ആളുകൾ അതും പിടിച്ചു നിന്നു. നാലുമണിയോടെ സ്ത്രീകൾ കോവിലിന്റെ മുന്നിൽ നിറഞ്ഞു.
നാലരയോടെ പൊലീസിന്റെ പൈലറ്റ് വാൻ വന്നു. ബാൻഡ് മേളം ഉച്ചത്തിൽ ഒപ്പം പാട്ടും 'വാങ്കയ്യാ... വാദ്യാരയ്യാ...' പനീർശെൽവം കാറിൽ വന്നിറങ്ങി. സ്ത്രീകളുടെ പുഷ്പവൃഷ്ടി. അരത്തവെള്ളം ഉഴിഞ്ഞ് കുഭം പിടിച്ച് അദ്ദേഹത്തെ അമ്പലത്തിലേക്ക് ആനയിച്ചു. അവരോട് വിശേഷങ്ങൾ ചോദിച്ച് മെല്ലെ നടന്ന് ക്ഷേത്രത്തിലേക്ക്. പ്രത്യേക പൂജ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സെൽഫിയെടുക്കാൻ പെണ്ണുങ്ങളുടെ മത്സരം. ആരെയും നിരാശരാക്കാതെ തുറന്ന ജീപ്പിലേക്ക്.
പ്രസംഗത്തിൽ രണ്ട് മുൻ സർക്കാരുകളും പാവങ്ങൾക്ക് നൽകിയ സൗജന്യങ്ങൾ വിശദീകരിച്ചു. ''ഇനി മേൽ ഏഴൈ പെൺകൾക്ക് താലിക്ക് തങ്കം എട്ടുഗ്രാമാക്കി ഉയർത്തുവാര്...'' കൈയടി നിറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പറഞ്ഞ ശേഷം 'ഫ്രീയായി മിക്സി ഗ്രൈൻഡർ വാങ്കിയിട്ടില്ലമ്മാ...' സ്ത്രീകൾ തലകുലുക്കി. ''വാങ്കിയിട്ട് വന്ന് ഗമ്മ്ന്ന് നിൽക്കയേ... കൈ തട്ട്''- കൂട്ടച്ചിരിയും കൈയടിയും മുഴങ്ങി. നർമ്മം കലർത്തിയാണ് പ്രസംഗം.ഒരാൾ ഒ.പി.എസിന് ഒരു സമ്മാനം നൽകി- രണ്ട് കവർ മിക്സ്‌ച്ചർ! സന്തോഷത്തോടെ വാങ്ങി.
ഉപജാതിയിൽ തട്ടി മത്സരം ടൈറ്റ്
നിലവിൽ ഉപമുഖ്യമന്ത്രിയും എ.ഡി.എം.കെയുടെ കോ-ഓർഡിനേറ്ററുമാണ് പനീർശെൽവം. മുമ്പ് മൂന്നു തവണ താത്കാലിക മുഖ്യമന്ത്രി. ഇത്തവണ ബോഡിനായ്ക്കനൂരിൽ വിജയം ഈസിയാവില്ല. എ. ഡി.എം.കെ എം.എൽ.എ ആയിരിക്കെ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിലേക്കും അടുത്തിടെ ഡി.എം.കെയിലേക്കും പോയ തങ്കതമിഴ് ശെൽവനാണ് പ്രധാന എതിരാളി. എന്നാൽ അമ്മ മക്കൾ മുന്നേറ്റ കഴകത്തിലെ മുത്തുസാമിയെയാണ് ഒ.പി.എസ് ഭയക്കുന്നത്. തേവർ വോട്ട് മുത്തുസ്വാമി ഭിന്നിപ്പിക്കുമോ എന്നാണ് ആശങ്ക. ഒപി.എസ് തേവർ മരവർ വിഭാഗവും മുത്തുസാമി തേവർ കല്ലറർ വിഭാഗവുമാണ്.