vote

മുക്കം: ദളിത് ലീഗ് നേതാവിനും കുടുംബത്തിനും ഒരേ സമയം രണ്ടു നിയോജക മണ്ഡത്തിൽ വോട്ട്. ദളിത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അക്കരപറമ്പ് ഭാസ്‌കരൻ, ഭാര്യ സരോജിനി, മകൻ ബിബിൻ എന്നിവർക്കാണ് ഇരട്ട വോട്ടുള്ളതായി പരാതി ഉയർന്നത്. വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ഒന്നിലധികം സ്ഥലത്ത് കണ്ടത് സംബന്ധിച്ച് വിവാദവും ചർച്ചയും നടക്കുന്നതിനിടെയാണ് ദളിത് ലീഗ് നേതാവിന്റെ വോട്ടിന്റെ കാര്യത്തിൽ പരാതി ഉയർന്നത്. തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂർ പഞ്ചായത്തിലെ 168ാം നമ്പർ പോളിംഗ് ബൂത്തിൽ148,149,150 ക്രമനമ്പറുകളിലാണ് ഭാസ്‌കരനും ഭാര്യയും മകനും ഉൾപ്പെട്ടത്. ഇവർക്ക് മൂന്ന് പേർക്കും കുന്ദമംഗലം മണ്ഡലത്തിലും വോട്ടുള്ളതാണ് പരാതിക്കിടയാക്കിയത്. മാവൂർ പഞ്ചായത്തിലെ 118ാം നമ്പർ ബൂത്തിൽ 461,463,464 ക്രമ നമ്പറുകളിലായാണ് ഇവരുടെ പേര് ഉൾപെടുത്തിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് കൊടിയത്തൂരിൽ നിന്ന് താമസം മാറിയ ഇവർ കൊടിയത്തൂരിൽ വോട്ടുള്ള കാര്യം മറച്ചു വച്ച് മാവൂരിൽ അപേക്ഷ നൽകി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.