
അറുപത് വർഷത്തിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടിക്ക് ഒരു മുഖവുര ആവശ്യമില്ല. താനൊരു വലിയ ആളാണെന്ന മട്ടിൽ ബലംപിടിച്ചു നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം ആരുടെയും മനസിൽ ഉണ്ടാകില്ല. വിനയാന്വിതമായ സൗമ്യഭാവം ജന്മസിദ്ധമായ മുഖമുദ്രയാണ്. സ്‌ത്രീപുരുഷ ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളോടും മാന്യമായി ഇടപെടുന്ന നേതാവ്. അങ്ങനെയുള്ള ഉമ്മൻചാണ്ടിക്കെതിരെ വൈകിയ വേളയിൽ പീഡനക്കേസ് വന്നപ്പോൾ കേരളം പൊതുവെ നെറ്റി ചുളിച്ചു. സംശയത്തിന്റെ ഒരു പുകപടലം ഉയർന്നുവന്നു എന്നത് യാഥാർത്ഥ്യമാണ്. എല്ലാ മാദ്ധ്യമങ്ങളിലും നിരവധി തവണ മുഖ്യവാർത്തകൾ വന്നു. പണം വെട്ടിച്ചെന്നും സ്‌ത്രീവിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപണം വന്നാൽ കേൾക്കുന്ന മാത്രയിൽ തന്നെ കുറെ പേരെങ്കിലും വിശ്വസിക്കും. പ്രതിഭാഗത്തു നിൽക്കുന്നയാൾ എത്ര വിശദീകരിക്കാൻ ശ്രമിച്ചാലും സംശയങ്ങളുടെ പുകപടലം പൂർണമായും അകറ്റാനാവില്ല. ആദ്യം മുതൽ പീഡന പരാതിയിൽ കഴമ്പില്ലെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞിരുന്നത്. പിന്നെ എപ്പോഴും പറയുന്ന പോലെ നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ എന്നും പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന വേളയിൽത്തന്നെ സോളാർ കമ്മിഷനു മുന്നിൽ മണിക്കൂറുകളോളം പോയിരുന്ന് മറുപടികൾ പറയുകയും ചെയ്‌തു. അല്ലാതെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാകാൻ ആശുപത്രികളെയോ ആയുർവേദശാലകളെയോ ഒന്നും ഉമ്മൻചാണ്ടി ശരണം പ്രാപിച്ചിട്ടില്ല. അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ചിട്ടുമില്ല. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഉമ്മൻചാണ്ടിക്കെതിരെ സോളാർ പീഡന കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഈ ഇലക്‌ഷൻ കാലത്ത് പുറത്തുവന്നിരിക്കുകയാണ്.
2012 ആഗസ്റ്റ് 19 ന് ക്ളിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. അന്നേദിവസം ഉമ്മൻചാണ്ടി ക്ളിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇതു മാത്രം മതി ക്രൈംബ്രാഞ്ചിന് കേസന്വേഷണം മതിയാക്കാൻ. പക്ഷേ അതു ചെയ്യാതെ വർഷങ്ങൾ നീട്ടിക്കൊണ്ടുപോയി. ജാമ്യമില്ലാത്ത വകുപ്പനുസരിച്ചാണ് കേസെടുത്തത്. ഉമ്മൻചാണ്ടിയാകട്ടെ മുൻകൂർ ജാമ്യമെടുക്കാനോ എഫ്.ഐ.ആർ റദ്ദ് ചെയ്യിക്കാനോ ശ്രമിച്ചതുമില്ല. കാരണം കേസിൽ പറയുന്ന തീയതിയെക്കുറിച്ച് മറ്റാരെക്കാളും ഉമ്മൻചാണ്ടിക്ക് ബോദ്ധ്യം കാണും. അതിനാത്തന്നെ ഈ കേസ് നിലനിൽക്കില്ലെന്ന് ഉറപ്പും ഉണ്ടായിരിക്കും. ആറ് സംഘങ്ങൾ രൂപീകരിച്ച് രണ്ടരവർഷം അന്വേഷണം നടത്തിയിട്ടും എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല ഒടുവിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയും ചെയ്തു. കേസ് സി.ബി.ഐക്ക് കൈമാറിയതിന് പിന്നാലെ അവർക്ക് നൽകിയ റിപ്പോർട്ടിലാണ് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ അറിയിച്ചത്. വിവരാവകാശ നിയമപ്രകാരമാണ് ഈ രേഖകൾ പുറത്തായത്. ഒരു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാമായിരുന്ന ഒരു കേസ് വർഷങ്ങളോളം വലിച്ചിഴച്ചത് രാഷ്ട്രീയമായ കാരണങ്ങളാലാണ്എന്ന് സംശയിക്കുന്നവരെ ആർക്കും കുറ്റം പറയാനാവില്ല. ഏതു നേതാവിനെതിരെ ആയാലും ഇത്തരം കേസുകൾ നീണ്ടുപോകുന്നത് പലർക്കും സ്വപ്നങ്ങളും ദുഃസ്വപ്നങ്ങളും കാണാൻ ഇടയാക്കുമെന്നല്ലാതെ മറ്റൊരു പ്രയോജനവും സമൂഹത്തിന് നൽകുന്നില്ല.
പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസും വർഷങ്ങളോളം നീണ്ടുപോവുകയാണ്. ഒരു വ്യക്തിയെ ഇത്രയും നാൾ സംശയത്തിന്റെ നിഴലിൽ നിറുത്തുന്നതു തന്നെയാണ് ഏറ്റവും വലിയ ശിക്ഷ. സുപ്രീംകോടതിയിൽത്തന്നെ കേസ് പല തവണ മാറ്റിവച്ചു. ലാവ്‌ലിൻ കേസും ഇത്രയും നാൾ നീണ്ടുപോയതും രാഷ്ട്രീയ കാരണങ്ങളാലാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും സംശയം തോന്നാം. കേരളത്തിലെ ജനങ്ങൾക്കിടയിൽ രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം നേതാക്കളെ ഏതെങ്കിലും കേസുകളിൽ കുടുക്കി ഇല്ലാതാക്കിക്കളയാമെന്ന് ഏതെങ്കിലും കേന്ദ്രങ്ങൾ കരുതുന്നുണ്ടെങ്കിൽ അവർ കുറഞ്ഞപക്ഷം മൂഢസ്വർഗത്തിലാണ് കഴിയുന്നതെന്ന് പറയേണ്ടിവരും.