
തിരുവനന്തപുരം: നാടക, സിനിമാ നടൻ പി.സി.സോമൻ (78) നിര്യാതനായി. ഇന്നലെ പുലർച്ചെ നാല് മണിയോടെ സ്വവസതിയായ പാൽക്കുളങ്ങര കോഴിയോട്ട് ലെയ്‌നിൽ എ.ആർ.എ 160, ഭാരതിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ട്രാവൻകൂർ ടൈറ്റാനിയം ജീവനക്കാരനായിരുന്നു. മുന്നൂറ്റി അൻപതോളം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം ആയിരുന്നു ആദ്യ സിനിമ. മലയാളം ദൂരദർശന്റെ തുടക്കത്തിൽ നിറഞ്ഞുനിന്നു. ദൂരദർശന്റെ ഒട്ടേറെ സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.കൊടിയേറ്റം, മതിലുകൾ, മുത്താരംകുന്ന് പി.ഒ ,അച്ചുവേട്ടന്റെ വീട്, കൗരവർ, ധ്രുവം, ഇരുപതാം നൂറ്റാണ്ട്, നരിമാൻ, അഗ്നിദേവൻ എന്നിവയാണ് പ്രധാനചിത്രങ്ങൾ.
വ്യവസായ വകുപ്പ് റിട്ട. ജീവനക്കാരി തുളസീഭായിയാണ് ഭാര്യ. മക്കൾ: രശ്മി നായർ (യു.എസ്.എ), റോഷ്‌നി നായർ (ടെക്‌നോപാർക്ക് ). മരുമകൻ: അനീഷ് (യു.എസ്.എ). കേരളകൗമുദി പ്രത്യേക ലേഖകനായിരുന്ന പരേതനായ പി.സി.സുകുമാരൻ നായർ, പി.സി.കൃഷ്ണൻ നായർ, പി.സി.രവീന്ദ്രൻ നായർ, സരോജിനി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.