
പ്രമേഹം കാരണം രക്തത്തിൽ ഷുഗറിന്റെ അളവ് കൂടും എന്നതിനപ്പുറം മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് വിചാരിച്ചിരിക്കുന്നവർ കുറവല്ലെന്നാണ് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
പ്രമേഹം തിരിച്ചറിഞ്ഞവരിൽ ചിലരെങ്കിലും മാസങ്ങളോളം വീണ്ടും രക്ത പരിശോധന നടത്താത്തവരും ആവശ്യത്തിന് മരുന്ന് കഴിക്കാത്തവരുമാണ്. അഥവാ ഇടയ്ക്കൊക്കെ പരിശോധിക്കുന്നവർ പോലും മുമ്പത്തേക്കാൾ ഷുഗർ കുറഞ്ഞിട്ടുണ്ടല്ലോ എന്ന് സമാധാനിച്ച് ആവശ്യമായ ശ്രദ്ധ നൽകാതെ രോഗം നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിൽ ഏറെനാൾ കഴിയാറുണ്ട്.
കാലിൽ പെരുപ്പോ,കാഴ്ചക്കുറവോ ഉണ്ടാകുമ്പോൾ പോലും അത്തരക്കാർ പ്രമേഹനിയന്ത്രണത്തിൽ ശ്രദ്ധ വയ്ക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
ഷുഗർ ലെവൽ ഒരുമാസത്തിലേറെ ഇരുന്നൂറിലധികമായി തുടരുന്നത് സെക്കൻഡറി കോംപ്ലിക്കേഷനുകൾക്ക് കാരണമാകാം.ഡയബറ്റിക് നെഫ്രോപ്പതി, ഡയബെറ്റിക് ന്യൂറോപ്പതി,ഡയബെറ്റിക് റെറ്റിനോപ്പതി എന്നിവയാണ് പ്രധാനപ്പെട്ട കോംപ്ലിക്കേഷനുകൾ. ദഹനപ്രശ്നം, മലബന്ധം, ക്ഷീണം, തളർച്ച, മെലിച്ചിൽ, ലൈംഗിക പ്രശ്നങ്ങൾ, വ്രണം, തലകറക്കം ശരീര ബലക്കുറവ് തുടങ്ങിയവയുമുണ്ടാകാം.
ഷുഗർ നോർമലാക്കിയാലും ഇവയൊന്നും ശമിക്കണമെന്നില്ല. പ്രമേഹം കാരണമുള്ള ബുദ്ധിമുട്ടുകളെ സ്വതന്ത്ര രോഗങ്ങളായി തന്നെ പരിഗണിച്ച് പ്രമേഹനിയന്ത്രണത്തിനൊപ്പം ചികിത്സിച്ചു കൊണ്ടിരുന്നാൽ മാത്രമേ കുറച്ചെങ്കിലും സമാധാനമുണ്ടാകൂ എന്ന് സാരം.
ഡയബറ്റിക് റെറ്റിനോപ്പതി
കണ്ണിലെ ഞരമ്പുകളെ ബാധിച്ച് കാഴ്ച കുറഞ്ഞു പോകുന്ന അവസ്ഥയാണിത്. പെട്ടെന്നും അല്ലാതെയും കാഴ്ച കുറഞ്ഞ് ജീവിതമാർഗങ്ങൾ തന്നെ വഴി മുട്ടുന്ന അവസ്ഥയാണിത്. കണ്ണട ഉപയോഗിച്ച് പരിഹരിക്കാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ ശരിയായ ചികിത്സയിലൂടെ കുറെയൊക്കെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമാകും.
ഡയബറ്റിക് നെഫ്രോപ്പതി
പ്രമേഹം വൃക്കകളെ ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടി വരുന്ന അവസ്ഥയാണിത്. 'പ്രമേഹത്തിന് മരുന്ന് കഴിച്ചാൽ കിഡ്നി അടിച്ചു പോകും' എന്ന് പേടിച്ച് മരുന്ന് ഒഴിവാക്കുന്നവരുണ്ട്. എന്നാൽ മരുന്ന് കഴിച്ചില്ലെങ്കിൽ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം കാരണം വളരെ വേഗത്തിൽ കിഡ്നിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. മൂത്രത്തിൽ മൈക്രോ ആൽബുമിൻ, രക്തത്തിൽ സീറം ക്രിയാറ്റിനിൻ എന്നിവ ഉൾപ്പെടെ ഇടയ്ക്ക് പരിശോധിച്ച് കിഡ്നിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്.
ഡയബറ്റിക് ന്യൂറോപ്പതി
കാൽപ്പാദങ്ങളിൽ പെരുപ്പ്, ചവിട്ടിയാൽ അറിയാൻ കഴിയായ്ക, ചെരുപ്പ് ഊരിപ്പോയാലും അറിയാതിരിക്കുക, വിരലുകളിൽ എന്തോ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ തോന്നുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പിന്നീട് വിരലുകളിൽ ഉണങ്ങാത്ത വ്രണങ്ങളും പ്രത്യേക കാരണം കൂടാതെ പ്രത്യക്ഷപ്പെടാം.
പ്രമേഹം തന്നെ ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്. ഭക്ഷണം, വ്യായാമം, മരുന്ന് എന്നിവയിലൂടെ നിയന്ത്രിക്കാനേ സാധിക്കൂ. പ്രമേഹം നിയന്ത്രിച്ച് നിർത്താൻ സാധിക്കാത്തത് കാരണം ഇത്തരം ബുദ്ധിമുട്ടുകൾ കൂടി ബാധിക്കുന്നവരിൽ ജീവിതം തന്നെ ദുഷ്കരമാകാനിടയുണ്ട്. അത് മനസ്സിലാക്കി പ്രമേഹരോഗ നിയന്ത്രണം മെച്ചപ്പെടുത്തിയേ മതിയാകൂ.