സണ്ണിലിയോൺ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത് നായികവേഷത്തിൽ

''എന്നെ ഇതുവരെ കാണാത്ത രൂപത്തിൽ 'ഷീറോ'യിൽ പ്രതീക്ഷിക്കാം. ആരാധകരെ ഞാൻ ഞെട്ടിക്കും" സണ്ണി ലിയോണിന്റെ വാക്കുകൾ. 'ഷീറോ" എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെ സണ്ണി ലിയോൺ വീണ്ടും മലയാളത്തിൽ എത്തുന്നു. സണ്ണി ലിയോൺ നായികയായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഷീറോ.മധുരരാജയിൽ മമ്മൂട്ടിയോടൊപ്പം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട് സണ്ണി ലിയോൺ മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീറോ. ഏറെ അഭിനയപ്രാധാന്യമുള്ള നായിക കഥാപാത്രത്തെയാണ് ചിത്രത്തിൽ സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. ഇക്കി ഗായ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്‌സറ്റൽ, രവികിരൺ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ഷീറോയിൽ അഭിനയിക്കുന്നുണ്ട്. ലോക് ഡൗൺ തുടക്കത്തിൽ ഭർത്താവ് ഡാനിയേൽ വെബ്ബർ, മക്കളായ നിഷ, നോവ, ആഷർ എന്നിവർക്കൊപ്പം ലൊസാഞ്ചൽസിലായിരുന്നു സണ്ണി ലിയോൺ. ഹോളിവുഡിലെ സെലിബ്രിറ്റി കോളനിയായ ബെവർലി ഹിൽസിനടുത്തുള്ള ഷെർമൻ ഓക്സിലാണ് താരത്തിന്റെ ആഡംബര ഭവനം. ലോക്‌ഡൗൺ കാലജീവിതം ആസ്പദമാക്കി വരച്ച പെയിന്റിംഗ് ഏറെ പ്രശംസ നേടിയിരുന്നു. അടുത്തിടെ കോവളത്തും അവധിക്കാലം ചെലവഴിക്കാൻ കുടുംബസമേതം സണ്ണിലിയോൺ എത്തിയിരുന്നു.