pc-soman

തിരുവനന്തപുരം: ദൂരദർശനിലെ ആദ്യ മലയാളം സീരിയലായ 'വൈതരണി'യിലെ പോസ്റ്റുമാനെ പെട്ടെന്ന് ആരും മറക്കില്ല. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെയുള്ളിൽ കുഞ്ചു പോസ്റ്റുമാനെ പ്രതിഷ്ഠിച്ച പി.സി. സോമൻ പിന്നെ പലവേഷങ്ങളിൽ മലയാളിയുടെ സ്വീകരണ മുറിയിലെത്തി. അമ്പലക്കര യു.പി.എസ്, വേട്ട, കുഞ്ഞമ്മയും കൂട്ടുകാരും തുടങ്ങി പലപല സീരിയലുകളിലൂടെ അദ്ദേഹത്തിന്റെ അഭിനയത്തികവ് മലയാളികൾ കണ്ടു.

പത്താം വയസിൽ 'ഭാമാവിജയം'എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. സോമന്റെ അച്ഛൻ പാൽക്കുളങ്ങര ചെല്ലപ്പൻപിള്ള മികച്ച നടനായിരുന്നു. ആ ഊർജ്ജമാണ് സോമന്റെ ഉള്ളിലെ കലാകാരനെ രൂപപ്പെടുത്തിയത്.

തിരുവനന്തപുരത്തിന്റെ നാടക ചരിത്രത്തിനൊപ്പം പിന്നെ സോമനും നടന്നു. കൈനിക്കര കുമാരപിള്ള, ജഗതി എൻ.കെ.ആചാരി, ടി.എൻ.ഗോപിനാഥൻ നായർ, ടി.ആർ.സുകുമാരൻ നായർ, സി.എൻ.ശ്രീകണ്ഠൻ നായർ, പി.കെ.വിക്രമൻ നായർ, അടൂർഭാസി, കെ.വി.നീലകണ്ഠൻ നായർ, കെ.ജി.സേതുനാഥ്, ആറന്മുള പൊന്നമ്മ, മാവേലിക്കര പൊന്നമ്മ,​ തിലകൻ,​ രാജന പി.ദേവ് എന്നിവർക്കൊപ്പം സോമന്റെയും പേര് എഴുതിച്ചേർക്കാം.

ജി.ശങ്കരപ്പിള്ളയുടെ 'തിരുമ്പിവന്താൻ തമ്പി' നാടകം കഴിഞ്ഞപ്പോൾ അടൂർ ഗോപാലകൃഷ്ണൻ ഗ്രീൻ റൂമിലെത്തി അഭിനന്ദിച്ചു.1971ൽ 'സ്വയംവരം' സിനിമയിലേക്ക് അവസരവും നൽകി. 'സ്വയംവര'ത്തിലെ തുടക്കം മോശമായില്ല. പിന്നീട് മിക്കവാറും എല്ലാ സിനിമകളിലും സോമന് ഒരു വേഷം അടൂർ കരുതിവച്ചു.

60 സിനിമകളിലും എഴുപതോളം സീരിയലുകളിലും അഭിനയിച്ചു. നാടകത്തിൽ ജഗതി എൻ.കെ.ആചാരിക്കൊപ്പവും സിനിമയിൽ അദ്ദേഹത്തിന്റെ മകൻ ജഗതി ശ്രീകുമാറിനൊപ്പവും അഭിനയിച്ചു പി.സി.സോമൻ.