
വിതുര: അകാലത്തിൽ പൊലിഞ്ഞ വിതുര ശിവൻകോവിൽ ജംഗ്ഷനിൽ പ്ലാമൂട്ടിൽ ഹൗസിൽ എൻ.എസ്.അനൂപിന് ജന്മനാട് കണ്ണീരോടേ വിട നൽകി. റോഡപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥൻ കൂടിയായ അനൂപ് കഴിഞ്ഞദിവസം വൈകിട്ടാണ് മരിച്ചത്.
രണ്ട് മാസം മുൻപ് വിതുര നെടുമങ്ങാട് റോഡിൽ തോട്ടുമുക്ക് പേരയത്തുപാറക്ക് സമീപം വച്ച് അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയും അനൂപിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്ക് ഭേദമായെങ്കിലും രണ്ട് ദിവസം മുൻപ് വീണ്ടും ശക്തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ മരിച്ചു. അനൂപിന്റെ മൃതദേഹം നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു. പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന അനൂപ് വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തുന്നതിനായി വിതുര ശിവൻകോവിൽ ജംഗ്ഷൻ കേന്ദ്രമാക്കി മൂന്ന് വർഷം മുൻപ് അക്ഷരം എന്ന പേരിൽ ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചിരുന്നു.
അനൂപിന്റെ മരണത്തിൽ അരുവിക്കര നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളായ കെ.എസ്. ശബരിനാഥൻ, ജി. സ്റ്റീഫൻ, വി. ശിവൻകുട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി. വിതുര കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ കവിതയാണ് അനൂപിന്റെ ഭാര്യ. മകൻ: അഭയ്.കെ.അനൂപ്.