
തിരുവനന്തപുരം: സോളാർ പീഡന കേസിൽ തെളിവ് ഹാജരാക്കുന്നതിൽ പരാതിക്കാരി വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മൊഴിയെടുപ്പിനുശേഷം തെളിവുകൾ ഹാജരാക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സർക്കാരിനും സി.ബി.ഐയ്‌ക്കും അയച്ച റിപ്പോർട്ടിൽ പറയുന്നു.
കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങൾ ടീം സോളാർ കമ്പനിയിലെ ജീവനക്കാരനും മുഖ്യസാക്ഷിയുമായ മോഹൻദാസ് നിഷേധിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയെങ്കിലും കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ അന്വേഷണം തുടരുന്നതായി റപ്പോർട്ടിലുണ്ട്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായതായി പറയുന്നില്ല. നേതാക്കൾക്കെതിരായ അന്വേഷണത്തിൽ കാര്യമായ തെളിവ് ശേഖരണം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.