
തിരുവനന്തപുരം: ബി.എസ്.എൻ.എല്ലിൽ ബില്ലടയ്ക്കാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ ടെലിഫോൺ, നെറ്റ് കണക്‌ഷനുകൾ ഇന്നലെ കട്ട് ചെയ്തു. രാവിലെ ഒമ്പതു മണിയോടെയാണ് ഫോണും നെറ്റും നിർജ്ജീവമായത്. സാങ്കേതിക തകരാർ മൂലമാവും ഫോൺകിട്ടാതെ വന്നതെന്ന് കരുതി ബി.എസ്.എൻ.എൽ ഓഫീസിൽ പരാതിപ്പെട്ടു. അവർ എത്തി പരിശോധിച്ചപ്പോഴാണ് ബില്ലടയ്ക്കാത്തതു മൂലം കണക്‌ഷൻ വിച്ഛേദിച്ചതാണെന്ന് വ്യക്തമായത്. മുഖ്യമന്ത്രിയുടെ കീഴിൽ വരുന്ന പൊതുഭരണ വകുപ്പാണ് ഇവിടത്തെ ബില്ലടയ്ക്കേണ്ടത്. ബന്ധപ്പെട്ട അധികൃതരെ സംഭവം അറിയിച്ചതിനെ തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ കണക്‌ഷൻ പുനഃസ്ഥാപിച്ചു.