
നെയ്യാറ്റിൻകര: എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നെയ്യാറ്റിൻകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ആൻസലന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബിയുടെ ഓഫീസിൽ കടന്നു കയറിയ ഉദ്ദ്യോഗസ്ഥന്മാർ അവരുടെ തലപ്പത്തിരിക്കുന്നവരുടെ ഇംഗിതമാണ് നടപ്പാക്കാൻ ശ്രമിച്ചത്. കേരളത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ചു തകർക്കുകയാണ് ലക്ഷ്യം.
കേരളത്തിന്റെ വികസന മുരടിപ്പ് മാറ്റുന്നതിനാണ് കിഫ്ബി നടപ്പാക്കിയത്. 50 കോടി പ്രതീക്ഷിച്ചെങ്കിലും 63 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കാനായി. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, തീരദ്ദേശ, മലയോര ഹൈവേകൾ തുടങ്ങിയ നിരവധി പദ്ധതികൾ ഇതിലൂടെ നടപ്പാക്കി. കിഫ്ബി നിയമസഭയുടെ ഉത്പ്പന്നമാണ്. ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയിൽ ഇതിന് റിസർവ്വ് ബാങ്കിന്റെ അനുമതിയുണ്ട്. ഇതിനെ കോൺഗ്രസും, ബി.ജി.പിയും ഒന്നിച്ചെതിർത്താലും തകർക്കാൻ കഴിയില്ല. എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാൽ കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും. ലോകോത്തര നിലവാരമുള്ള ആശുപത്രികളുണ്ടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആനന്ദ്കുമാർ അദ്ധ്യക്ഷനായിരുന്നു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻസിപ്പൽ ചെയർമാൻ രാജ്മോഹൻ, പി. രാജേന്ദ്രകുമാർ,ഡബ്ലൂ. ആർ.ഹീബ, ശ്രീകുമാർ, കൊടങ്ങാവിള വിജയകുമാർ, വെങ്ങാനൂർ ബ്രൈറ്റ്, സുരേഷ്കുമാർ, നെയ്യാറ്റിൻകര രവി തുടങ്ങിയവർ പങ്കെടുത്തു