
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡീ ക്ഷേത്രത്തിലെ പൊങ്കാല ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. മീനമാസത്തിലെ മകം നാളായ ഇന്നലെ രാവിലെ 10.15ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിൽ നിന്നുള്ള ദീപം തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിൽ പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. കൊവിഡ് മാനദണ്ഡം പാലിച്ച് പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാലയർപ്പണം നടന്നത്. ക്ഷേത്രപരിസരത്തും പൊതുനിരത്തിലും പൊങ്കാല അർപ്പിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഭക്തർ അവരവരുടെ വീടുകളിൽ കരിക്കകത്തമ്മയെ ധ്യാനിച്ച് പൊങ്കാല അർപ്പിച്ചു. ഉച്ചയ്ക്ക് 12.15ന് തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എഴുന്നള്ളിച്ച് പൊങ്കാല തർപ്പണം നടത്തി. രാത്രി അത്താഴപൂജയ്ക്ക് ശേഷം ദേവിയുടെ ഉടവാൾ ഗുരുസിക്കളത്തിൽ എഴുന്നള്ളിച്ച് താന്ത്രികവിധി പ്രകാരമുള്ള ഗുരുസി നടത്തി. ഇതോടെ ഏഴുനാൾ നീണ്ട ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം സമാപിച്ചു. വിവിധ പൂജകൾക്ക് പുറമേ വൈകിട്ട് 4.30 മുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 7.30ന് ക്ഷേത്രനട തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പൊങ്കാലയ്ക്ക് ട്രസ്റ്റ് ഭാരവാഹികളായ എം. വിക്രമൻ നായർ, കെ. പ്രതാപചന്ദ്രൻ, വി. അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കഴക്കൂട്ടം നിയോജക മണ്ഡലം സ്ഥാനാർത്ഥികളായ കടകംപള്ളി സുരേന്ദ്രൻ, എസ്.എസ്. ലാൽ, ശോഭാ സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരും ക്ഷേത്രത്തിലെത്തിയിരുന്നു.