kiifb

തിരുവനന്തപുരം:കിഫ്ബിയിൽ ആദായനികുതി വകുപ്പ് വ്യാഴാഴ്ച പാതിരാവരെ നടത്തിയ റെയ്‌ഡ് തിരഞ്ഞെടുപ്പിന്റെ തീച്ചൂളയിൽ എണ്ണയൊഴിക്കുന്നതു പോലെയായി. ഇൻകംടാക്സ് കമ്മിഷണർ മൻജിത് സിംഗിന്റെ ചോദ്യം ചെയ്യൽ അതിരുവിട്ടപ്പോൾ കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം ക്ഷുഭിതനായി. ഒടുവിൽ 29നകം രേഖകളെല്ലാം ഇൻകംടാക്സ് ഒാഫീസിൽ എത്തിക്കാമെന്ന ഉറപ്പ് വാങ്ങി റെയ്ഡ് സംഘം സ്ഥലംവിട്ടു.

വ്യാഴാഴ്ച ഉച്ചയോടെയാണ് പതിനഞ്ചംഗ ആദായനികുതി സംഘം എം.ജി.റോഡിലെ ഫെസിലിറ്റി സെന്ററിലെ കിഫ്ബി ആസ്ഥാനത്തെത്തിയത്. കരാറുകാരുടെ ആദായനികുതി അടവിനെ പറ്റിയുള്ള കിഫ്ബിയുടെ വിശദീകരണത്തിൽ സംശയംതീർക്കാനെന്ന് പറഞ്ഞാണ് പരിശോധന തുടങ്ങിയത്. ജീവനക്കാരേയും മാനേജർമാരേയും പുറത്ത് വിട്ടില്ല. ഫണ്ട് മാനേജർ,ജോയിന്റ് ഫണ്ട്മാനേജർ, സ്പെഷ്യൽ സെക്രട്ടറി എന്നിവരെ ചോദ്യം ചെയ്‌തു.

മൊബൈൽ ഫോണിൽ വരുന്ന ചോദ്യങ്ങളാണ് സംഘം ചോദിച്ചതെന്ന് കിഫ്ബിയിലെ ജീവനക്കാർ പറഞ്ഞു. രാത്രി 9 മണി വരെ കവടിയാറിലെ ആദായനികുതി വകുപ്പ് റീജിയണൽ ഓഫീസിലിരുന്ന് ഫോണിലൂടെ റെയ്ഡ് നിയന്ത്രിച്ച കമ്മിഷണർ മൻജിത് സിംഗ് കിഫ്ബി ഒാഫീസിലെത്തി ചോദ്യം ചെയ്യൽ ഏറ്റെടുത്തു.

കിഫ്ബി പദ്ധതികളുടെ പണം കരാറുകാർക്ക് നേരിട്ട് നൽകുന്നു. പക്ഷേ, നികുതി പിടിച്ച് അടയ്‌ക്കുന്നില്ല. ഇതിൽ കള്ളക്കളിയുണ്ട്. ഇതായിരുന്നു ആക്ഷേപം.

കരാറുകാർക്ക് നേരിട്ട് പണം കൊടുക്കുന്നത് ഇടനിലക്കാരെ ഒഴിവാക്കാനാണെന്നും അതിലെ നികുതി അതത് വകുപ്പുകളിലെ പദ്ധതി നടത്തിപ്പുകാർ അടയ്ക്കണമെന്നാണ് കിഫ്ബിയുടെ ശൈലിയെന്നും അതിന് നിയമമുണ്ടെന്നും സി.ഇ. ഒ. വിശദീകരിച്ചെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.

വിവിധ വകുപ്പുകൾ നിർദ്ദേശിക്കുന്ന പദ്ധതികളാണ് കിഫ്ബി ഏറ്റെടുക്കുന്നത്. ഇതിനായി വകുപ്പുകളിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ രൂപീകരിക്കും. അവർ പദ്ധതിയും ബഡ്ജറ്റും തയ്യാറാക്കും. അത് കിഫ്ബി അംഗീകരിച്ചാൽ എസ്.പി.വിക്കാർ ടെൻഡർ വിളിച്ച് കരാർ നൽകും. നിർമ്മാണം പൂർത്തിയായാൽ കരാറുകാരുടെ തുകയുടേയും ക്ഷേമനിധി വിഹിതം, ആദായ നികുതി,ജി.എസ്.ടി.എന്നിവ ചേർത്തുള്ള തുകയുടേയും പ്രത്യേക ബില്ലുകൾ കിഫ്ബിക്ക് നൽകും. കരാറുകാരുടേത് അവരുടെ അക്കൗണ്ടുകളിലേക്കും നികുതി ചേർത്തുള്ളത് എസ്.പി.വിയുടെ അക്കൗണ്ടിലേക്കും ട്രാൻസ്‌ഫർ ചെയ്യും. ഇതിന്റെയെല്ലാം രേഖകളും ബന്ധപ്പെട്ട ഉത്തരവുകളും ആദായനികുതി വകുപ്പിന് കൈമാറി. എസ്. പി.വിക്കാർ നികുതി അടച്ചോ എന്ന് കിഫ്ബിയുടെ ഇൻസ്പെക്‌ഷൻ വിഭാഗം പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും ബോധിപ്പിച്ചു. ഇതുവരെ 73.18കോടി രൂപ ആദായ നികുതിയായി എസ്.പി.വിക്കാർ അടച്ചതിന്റെ രേഖകളും കിഫ്ബി നൽകി.

ഇതൊന്നും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ആദായനികുതി അടയ്‌ക്കാതിരിക്കുകയോ, അവരുമായി സഹകരിക്കാതിരിക്കുകയോ ചെയ്താൽ ഒരു മാസം വരെ തടവ് ശിക്ഷ അനുഭവിക്കുമെന്ന് ഭീഷണിയായി. അപ്പോഴാണ് സി.ഇ.ഒ.യ്‌ക്ക് നിയന്ത്രണം വിട്ടത്.

" മുൻ റിസർവ്വ് ബാങ്ക് അധികൃതരും സാമ്പത്തിക വിദഗ്ദ്ധരുമായ വിനോദ് റായ്, ഉഷാതോറാട്ട്, ജി.പത്മനാഭൻ തുടങ്ങിയവരാണ് കിഫ്ബിയുടെ പ്രവർത്തനം രൂപപ്പെടുത്തിയത്. അതിൽ പിഴവുണ്ടെന്ന് പറയുന്നത് അന്യായമാണ്. നിങ്ങൾക്ക് എല്ലാ പാസ് വേർഡും തരാം. എന്താണെന്ന് വെച്ചാൽ നോക്കിയെടുക്കാം. ഇത്തരം പരിപാടികൾ കാണിക്കരുത്."- എബ്രഹാം ക്ഷോഭത്തോടെ പറഞ്ഞു.