rs

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്ലൈയിംഗ് സ്‌ക്വാഡ്, പൊലീസ് എന്നിവ നടത്തിയ പരിശോധനയിൽ 16,96,702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി. ഫെബ്രുവരി 26 മുതൽ മാർച്ച് 25 വരെയുള്ള കണക്കാണിത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ വിവിധ സംഘങ്ങൾ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ്, 10 ലിറ്റർ ചാരായം, 104.59 ലിറ്റർ ഇതര സംസ്ഥാന മദ്യം, 50.7 ലിറ്റർ ബിയർ, 10 ലിറ്റർ കേരള നിർമ്മിത വിദേശ മദ്യം, 1670 ഗ്രാം കഞ്ചാവ്, 294.15 കി. ഗ്രാം പുകയില, ഒരു തോക്കും രണ്ട് തിരയും എന്നിവ പിടിച്ചെടുത്തു.

സ്റ്റാറ്റിക് സർവൈലൻസ് ടീം നടത്തിയ പരിശോധനയിൽ 22,7500 രൂപയും 2.25 ലിറ്റർ മദ്യവും പൊലീസ് 34.46 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ആകെ 78,7704 രൂപയുടെ പണവും വസ്തുക്കളുമാണ് മഞ്ചേശ്വരം മണ്ഡലത്തിലെ പരിശോധനയിൽ കണ്ടുകെട്ടിയത്. കാസർകോട് മണ്ഡലത്തിൽ നടത്തിയ പരിശോധനയിൽ ആകെ 2,72,818 രൂപയുടെ പണവും വസ്തുക്കളുമാണ് കണ്ടുകെട്ടിയത്. 53.5 ലിറ്റർ കേരള നിർമ്മിത വിദേശമദ്യം, 47.13 ലിറ്റർ ഇതര സംസ്ഥാന മദ്യം, 695 ലിറ്റർ വാഷ്, 37.4 ലിറ്റർ ബിയർ, 16 ലിറ്റർ ചാരായം, 9.75 ലിറ്റർ മദ്യം, 0.71 കിലോ ഗ്രാം കഞ്ചാവ്, 34.65 കിലോഗ്രാം പുകയില എന്നിവയും പിടിച്ചെടുത്തു. ഫ്ലയിംഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ 76000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ഉദുമ മണ്ഡലത്തിൽ 20.5 ലിറ്റർ കേരള നിർമ്മിത വിദേശമദ്യം, 200 ലിറ്റർ വാഷ്, 12.06 ലിറ്റർ ഇതര സംസ്ഥാന മദ്യം, 25 ഗ്രാം കഞ്ചാവ്, 23.7 കിലോഗ്രാം പുകയില എന്നിവയും പിടിച്ചെടുത്തു. പൊലീസ് പരിശോധനയിൽ 3,48,000 രൂപയും പിടിച്ചെടുത്തു. ആകെ 3,94,480 രൂപയുടെ പണവും വസ്തുക്കളുമാണ് പരിശോധനയിൽ കണ്ടുകെട്ടിയത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 97.5 ലിറ്റർ കേരള നിർമ്മിത വിദേശമദ്യം, 985 ലിറ്റർ വാഷ്, 12 ലിറ്റർ ചാരായം, 19.3 കിലോഗ്രാം പുകയില എന്നിവയടക്കം ആകെ 1,09,600 രൂപ മൂല്യമുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്. ആകെ 1,32,100 രൂപ മൂല്യമുള്ള വസ്തുക്കളാണ് തൃക്കരിപ്പൂർ മണ്ഡലത്തിലെ പരിശോധനയിൽ കണ്ടുകെട്ടിയത്. 19.5 ലിറ്റർ കേരള നിർമ്മിത വിദേശമദ്യം, 110 ലിറ്റർ വാഷ്, 1.07 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 2.4 ഗ്രാം എം.ഡി.എം.എ. 5.65 കിലോഗ്രാം പുകയില, എന്നിവ പിടിച്ചെടുത്തു. പൊലീസ് പരിശോധനയിൽ 150 ഗ്രാം മയക്കുമരുന്നും കണ്ടുകെട്ടി.