
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തികൊണ്ടുപോയ യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി. പുനലൂർ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനിൽ ഉണ്ണി (20) ആണ് പിടിയിലായത്. പ്രതി പാരിപ്പള്ളിയിലെ ബേക്കറി ജീവനക്കാരനാണ്. പള്ളിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ പ്രതി മൊബൈൽ ഫോൺ വഴി പരിചയപ്പെടുകയും തുടർന്ന് പെൺകുട്ടിയെ പുനലൂരിൽ എത്തിച്ച് അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടത്തുകയുമായിരുന്നു. പെൺകുട്ടിയുമായി ഇയാൾ മധുരയിൽ എത്തിയതായി കണ്ടെത്തിയ പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് പിൻതുടരുന്നതായി സംശയിച്ച ഉണ്ണി തെങ്കാശി വഴി പുനലൂരെത്തി. ഇവർ പുനലൂരിൽ എത്തിയതായി സൈബർ സെല്ലിന്റെ സഹായത്തോടെ മനസിലാക്കിയ പള്ളിക്കൽ പൊലീസ് വിവരം പുനലൂർ പൊലീസിന് കൈമാറി. തുടർന്ന് പള്ളിക്കൽ എസ്.ഐ ശരത്ലാലിന്റെ നേതൃത്വത്തിൽ പുനലൂരിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, ബിജുമോ രമ്യ എന്നിവരുടെ നേതൃത്വവത്തിലായിരുന്നു അറസ്റ്റ്.