
തിരുവനന്തപുരം:കിഫ്ബിയിലെ ആദായനികുതി റെയ്ഡ് ഉൗളത്തരം മാത്രമല്ല, തെമ്മാടിത്തവുമാണെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ക്ഷോഭത്തോടെ പറഞ്ഞു. റെയ്ഡിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയ്ഡ് ടി.വി.ചാനലിൽ കണ്ടാണ് അറിഞ്ഞത്. ചാനലിൽ അറിയിച്ചിട്ട് റെയ്ഡിന് വരുന്നത് കണ്ടപ്പോൾ തെമ്മാടിത്തമെന്നാണ് പ്രതികരിച്ചത്. കൂടുതലറിഞ്ഞപ്പോൾ ഉൗളത്തരം ആണെന്ന് മനസിലായി. ഇതിനെ രാഷ്ട്രീയമായി നേരിടും.
ഐ.ആർ.എസുകാർ 15 പേരുമായി കിഫ്ബി ഓഫീസിലെത്തി ഭീഷണിപ്പെടുത്തി. കിഫ്ബി ധനകാര്യ സ്ഥാപനമാണ്. അതിന്റെ സൽപേര് നശിപ്പിക്കാനാണ് റെയ്ഡ്. ഐ.ടി.നിയമം194 അനുസരിച്ച് പണം കൊടുക്കുന്ന ഉറവിടത്തിൽ നികുതിയും പിടിക്കണം. കിഫ്ബി പദ്ധതികളുടെ പണം കൊടുക്കുന്നത് അവ നടത്തുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകാരാണ്. വിവിധ വകുപ്പുകളാണ് എസ്.പി.വികൾ ഉണ്ടാക്കുന്നത്. പദ്ധതി തയ്യാറാക്കുന്നതും കരാർ കൊടുക്കുന്നതും പണി തീർന്നാൽ പണം കൊടുക്കുന്നതും അവരാണ്. പദ്ധതി അംഗീകരിച്ച് പണം എസ്.പി.വികൾക്ക് കൈമാറുക മാത്രമാണ് കിഫ്ബി ചെയ്യുന്നത്. കിഫ്ബിക്ക് കരാറുകാരുടെ നികുതി വാങ്ങി ആദായനികുതി വകുപ്പിൽ അടയ്‌ക്കാൻ ബാദ്ധ്യതയില്ല. അങ്ങനെ സർക്കാർ ഉത്തരവുമുണ്ട്. പദ്ധതികളുടെ ആദായനികുതിയായി എസ്.പി.വിക്കാർ 73.18 കോടി അടച്ചിട്ടുണ്ട്. അതിന്റെ രേഖകളെല്ലാം കൊടുത്തിട്ടും റെയ്ഡുമായി വന്നെങ്കിൽ താൽപര്യം വേറെയാണ്. കാശും മേടിച്ച് പോക്കറ്റിൽ വച്ചിട്ട് റെയ്ഡ് നടത്തുന്നു. ഇതാണ് തെമ്മാടിത്തം. ഡൽഹിയിലെ യജമാനൻമാർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ഇൻകംടാക്‌സും ഐ.ആർ.എസും സകല ഏജൻസികളും അധഃപതിച്ചു.കിഫ്ബി ഓഫീസിലെ കടലാസ് പരതി എന്ത് കണ്ടുപിടിക്കാനാണ്?. കിഫ്ബിയുടെ മുഴുവൻ പേയ്‌മെന്റും പ്രൊജക്ടുകളും പ്രൊജക്ട് ഫണ്ട് മാനേജ്മന്റ് സിസ്റ്റത്തിന്റെ മുഴുവൻ പാസ്‌വേഡും കൊടുക്കാം - ഐസക്ക് പറഞ്ഞു.
'റെയ്ഡ് കഴിഞ്ഞപ്പോൾ ഇൻകംടാക്സ് കമ്മിഷണർ മഞ്ജിത് പറഞ്ഞത്, ചില ഉത്തരങ്ങൾ തൃപ്തിയായില്ല, പരിശോധിക്കാൻ വന്നതാണ് എന്നാണ്. കിഫ്ബിയുടെ സി.ഇ.ഒ കെ.എം എബ്രഹാമിനോടാണ് ചോദ്യം. അദ്ദേഹത്തെ മഞ്ജിത് സിംഗിന് അറിയില്ലെങ്കിൽ സഹാറ കേസ് വായിക്ക്, സുപ്രീംകോടതി എന്താണ് പറഞ്ഞതെന്ന്. പ്രണബ് മുഖർജിയും മന്ത്രാലയവും നോക്കിയിട്ടും കെ.എം എബ്രഹാം നിലപാട് മാറ്റിയില്ല. അയാളോടാണ് ജൂനിയർ ഓഫീസർ ചോദ്യം ചോദിക്കുന്നത്. അതും വാട്സാപ്പ് ചോദ്യങ്ങൾ."
'ഇനിയും വന്നാൽ വെറുതെ വിടില്ല. ഇവനെയൊക്കെ മാപ്പ് പറയിക്കണം. 60,000 കോടി സമാഹരിച്ച് നാടിന്റെ മുഖച്ഛായ മാറ്റുമ്പോൾ ചില കൂട്ടങ്ങൾ ഇറങ്ങിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ വരവ് അവസാനത്തേതാവില്ല. ഈസ്റ്റർ അവധിക്ക് മുമ്പ് ഇ.ഡിയുടെ വരവും പ്രതീക്ഷിക്കുന്നുണ്ട്. വരട്ടെ' - തോമസ് ഐസക്ക് പറഞ്ഞു.