തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി തുടർഭരണം ഉണ്ടാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആന്റണി രാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്‌തിരുന്ന 600ൽ 580 പദ്ധതികളും ഇതിനോടകം നടപ്പിലാക്കി. 20 പദ്ധതികൾ പുരോഗതിയിലാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ഓരോ മന്ത്രിമാരും കാണിച്ച നിഷ്‌കർഷയാണ് പദ്ധതികൾ വിജയിപ്പിക്കാൻ കാരണമായത്. ലൈഫ് മിഷനിൽ വീട് ലഭിച്ച പാവങ്ങളുടെ ആനന്ദാശ്രുക്കൾ മാത്രം മതിയാകും എൽ.ഡി.എഫ് സർക്കാരിന് വിജയിക്കാനെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. സീമ, എ. സമ്പത്ത്, എൻ. സുന്ദരൻപിള്ള, തമ്പാനൂർ രാജീവ്, മുരളി പ്രതാപ്, അഡ്വ. സുന്ദർ എന്നിവർ സംസാരിച്ചു.