തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചാൽ ഉടൻ ബി.ജെ.പിയായി മാറുമെന്നും, പിന്നെ സർക്കാരുണ്ടാക്കുന്നത് ബി.ജെ.പിയായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗോവ, മണിപ്പൂർ, മദ്ധ്യപ്രദേശ്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഇതായിരുന്നു അവസ്ഥ. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബി.ജെ.പിയാകുന്നതിൽ തെറ്റില്ലെന്ന് കെ.പി.സി.സിയുടെ പ്രധാനികൾ പറഞ്ഞുകഴിഞ്ഞു. ചിലരെല്ലാം ബി.ജെ.പിയായി മാറിയെന്നും തിരുവനന്തപുരം,നേമം മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം അമ്പലത്തറ കുമരിച്ചന്തയ്ക്ക് സമീപം നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പ്രതിരോധിച്ച് മതേതരത്വം ഉറപ്പാക്കാൻ കേരളത്തിൽ എൽ.ഡി.എഫിന് അല്ലാതെ മറ്റാർക്കും കഴിയില്ല. കോൺഗ്രസ് നശിച്ചാൽ ബി.ജെ.പി വളരുമെന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണം എന്തടിസ്ഥാനത്തിലാണ്
?. പൗരത്വ നിയമനം നടപ്പാക്കാൻ കേന്ദ്രം തയ്യാറായപ്പോൾ അത് പറ്റില്ലെന്നുപറഞ്ഞ സർക്കാരാണ് കേരളത്തിലേത്. ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി സമരം ചെയ്യാമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞപ്പോൾ, കെ.പി.സി.സി യോഗം ചേർന്ന് അത് പറ്റില്ലെന്ന് പറഞ്ഞു. നാല് വോട്ടിന് വേണ്ടി ബി.ജെ.പിയോട് കൂട്ടുചേരുന്ന നിലപാട് ഇടതുപക്ഷം സ്വീകരിക്കില്ല.
പെൻഷൻ മുടക്കില്ല
യു.ഡി.എഫ് സർക്കാർ മുടക്കിയത് പോലെ പെൻഷൻ മുടക്കാൻ തങ്ങൾക്ക് മനസില്ലെന്ന് പിണറായി പറഞ്ഞു. 18മാസത്തെ കുടിശിക എൽ.ഡി.എഫ് സർക്കാരാണ് കൊടുത്തത്. നാട്ടിൽ യുവാക്കൾ തൊഴിൽ തേടി അലയുന്നത് ഒഴിവാക്കാൻ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.