sc

തിരുവനന്തപുരം: ദേശീയ പിന്നാക്ക സമുദായ കമ്മിഷൻ രൂപീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് പിന്നാക്ക സമുദായ സംവരണക്കാര്യത്തിൽ അധികാരമുണ്ടോയെന്ന സുപ്രീംകോടതിയിലെ കേസിൽ ഇടപെട്ട് സത്യവാങ്മൂലം നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സത്യവാങ്മൂലം നൽകാനുള്ള സമയപരിധി ഉടൻ തീരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴും സത്യവാങ്മൂലം നൽകാൻ സർക്കാർ തീരുമാനിച്ചത്.പിന്നാക്ക സമുദായങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനു സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകും.. സംസ്ഥാനത്തിന്റെ അധികാരം പുനഃസ്ഥാപിക്കണം. ഏതൊക്കെ സമുദായങ്ങളെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ അധികാരം നിലനിർത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

1992ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗ കമ്മീഷനുകൾ രൂപീകരിച്ചിരുന്നു. ആകെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന നിബന്ധന വന്നത് അതിനു ശേഷമാണ്. മഹാരാഷ്ട്ര സർക്കാർ മറാത്ത വിഭാഗത്തിന് 16% സംവരണം നൽകാൻ തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം. മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനം ബോംബെ ഹൈക്കോടതി

12% ആയി കുറച്ചെങ്കിലും ,ആകെ സംവരണം 50 ശതമാനത്തിൽ കൂടുതലായി.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10% സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി കൂടി നിലവിൽ വന്നതോടെ സംവരണത്തിന്റെ തോത് പിന്നെയും വർദ്ധിച്ചു.. 2018ലെ ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനു ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ സംസ്ഥാന കമ്മിഷനുകൾക്ക് ഇനി അധികാരമുണ്ടോയെന്ന ചോദ്യം സുപ്രീംകോടതിയിൽ ഉയർന്നു. സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, കേസിൽ കക്ഷി ചേരണമെന്നു മറ്റു സംസ്ഥാനങ്ങളോട് മഹാരാഷ്ട്ര സർക്കാർ അഭ്യർത്ഥിച്ചു. കേരളം കക്ഷി ചേരാൻ തീരുമാനിച്ചെങ്കിലും സത്യവാങ്മൂലം നൽകിയിരുന്നില്ല.