photo

നെടുമങ്ങാട്: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. സ്വീകരണ പര്യടനങ്ങൾ കെങ്കേമമാക്കുന്നതിനൊപ്പം കുടുംബ യോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും തകൃതിയായി. ഉന്നത നേതാക്കളുൾപ്പടെയുള്ള സംഘങ്ങൾ വീടുകയറിയുള്ള ലഘുലേഖ വിതരണവും അഭ്യർത്ഥന കൈമാറലും സജീവമാണ്. കവലസന്ദർശനം അവസാനിപ്പിച്ച് സ്ഥാനാർത്ഥികൾ എല്ലാപേരും വാഹന പര്യടനത്തിലാണ്. ആവേശം അലയടിക്കുന്ന മുദ്രാവാക്യങ്ങളും പ്രചാരണ ഗാനങ്ങങ്ങളും കൊണ്ട് മുഖരിതമാണ് സ്വീകരണ കേന്ദ്രങ്ങൾ.മിക്ക കേന്ദ്രങ്ങളിലും വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് സ്വീകരണമൊരുക്കിയത്. നെടുമങ്ങാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ അനിലിന്റെ പര്യടനം പോത്തൻകോട് ശ്രീനാരായണപുരത്ത് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആർ.സജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ചെറ്റച്ചൽ സഹദേവൻ, അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെറീഫ്, അഡ്വ. യാസർ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് (ശനി) മാണിക്കൽ പഞ്ചായത്തിലെ പത്തേക്കറിൽ നിന്ന് രാവിലെ 8 ന് പര്യടനം പുനഃരാരംഭിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ് പ്രശാന്ത് പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ അണ്ടൂർക്കോണത്തെ കൊയ്ത്തൂർക്കോണത്ത് ആരംഭിച്ച് മണ്ണറ, മോഹനപുരം, പള്ളിപ്പുറം, മുളക്കിവിളാകം, നന്നാട്ടുകാവ് വഴി അമ്പതോളം കേന്ദ്രങ്ങൾ സന്ദർശിച്ച് ആലുമൂട്ടിലായിരുന്നു സമാപനം. മുൻ എം.എൽ.എ എം.എ വാഹിദ് ഒപ്പമുണ്ടായിരുന്നു. ടെക്‌നോസിറ്റിയിൽ ലൈറ്റ് മെട്രോ യാർഡ് നിർമ്മിക്കുന്നതിനായി ഏറ്റെടുത്ത സ്ഥലം പ്രശാന്ത് സന്ദർശിച്ചു. ഇന്ന് രാവിലെ 8 ന് കരകുളം ഏണിക്കരയിൽ നിന്ന് പര്യടനം പുംനരാരംഭിക്കും.എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ആർ പദ്മകുമാർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ടു.കൊല്ലംകാവ് തട്ടംകോട് ക്ഷേത്രത്തിൽ ദർശനം നടത്തി. ഇടമല നല്ലിക്കുഴി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു. ടൗണിലും അണ്ടൂർക്കോണത്തും വിവിധ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നെടുമങ്ങാട് ബാർ അസോസിയേഷൻ അംഗങ്ങളെയും കോടതി ജീവനക്കാരെയും അഭിഭാഷകരെയും സന്ദർശിച്ചു. മഞ്ചയിൽ കോളനികളും സന്ദർശിച്ചു. മദപുരം പാർട്ടി സമ്മേളനവും വെമ്പായത്ത് തിരഞ്ഞെടുപ്പ് കാര്യാലയ ഉദ്ഘാടനവും ക്ഷേത്ര ദർശനവുമായിരുന്നു വൈകിട്ടത്തെ പരിപാടികൾ.

* ആഘോഷമാക്കി അരുവിക്കരയും വാമനപുരവും ...

വനമേഖലകൾ ധാരാളമുള്ള അരുവിക്കര, വാമനപുരം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ സ്വീകരണ പര്യടനത്തിന് ഉത്സവ പ്രതീതിയാണ്. ഇക്കോ ടൂറിസം മേഖലകളും എസ്റ്റേറ്റുകളും ആദിവാസി കേന്ദ്രങ്ങളും പിന്നിട്ടുള്ള പര്യടനത്തിൽ കാർഷിക വിളകളും കാട്ടു കനികളും അടക്കം സ്ഥാനാർത്ഥികൾക്ക് സമ്മാനമായി ലഭിക്കുന്നുണ്ട്. അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എസ് ശബരിനാഥന്റെ വാഹന പര്യടനം ഇന്നലെ വിതുരയിലായിരുന്നു. മൊട്ടമൂട് ജംഗ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ് വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ചേന്നൻപാറയിൽ സമാപിച്ച പര്യടനം ഇന്ന് അരുവിക്കര പഞ്ചായത്തിലെ കാച്ചാണിയിൽ പുനരാരംഭിക്കും. രാവിലെ 8 ന് കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് വെള്ളൂർക്കോണം ജംഗ്ഷനിൽ സമാപിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫൻ രണ്ടാം ദിനമായ ഇന്നലെ ഉഴമലയ്ക്കൽ പഞ്ചായത്തിൽ പര്യടനം നടത്തി. മുൻ സ്പീക്കർ എം.വിജയകുമാർ പൂന്തോണി ജംഗ്‌ഷനിൽ ഉദ്‌ഘാടനം ചെയ്തു. രാത്രി എട്ടിന് വിനോബയ്ക്കടുത്ത് ചെരുപ്പാണിയിൽ സമാപിച്ചു. ഇന്ന് അരുവിക്കര പഞ്ചായത്തിലാണ് ജി.സ്റ്റീഫന്റെ സ്വീകരണ പര്യടനം. ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ.എസ് സുനിൽകുമാർ നേതൃത്വം നൽകും. വാമനപുരം യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ പര്യടനം വാമനപുരം പഞ്ചായത്തിലെ കുറ്റൂർ ക്ഷേത്ര സന്നിധിയിൽ തുടക്കമായി. അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം നിർവഹിച്ചു. ചെയർമാൻ എൻ.സുദർശനൻ, ജനറൽ കൺവീനർ ജെ.ഗോപാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. ഊന്നാംപാറ ആനാകുടിയിൽ അവസാനിപ്പിച്ച പര്യടനം ഇന്ന് പനവൂർ ജംഗ്‌ഷനിൽ പുനരാംരംഭിച്ച് രാത്രി എട്ടിന് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ജംഗ്‌ഷനിൽ സമാപിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ മുരളി വാമനപുരം,കല്ലറ പഞ്ചായത്തുകളിലെ പര്യടനം പിന്നിട്ട് ഇന്ന് രാവിലെ 8 ന് പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറയിൽ പുനരാരംഭിക്കും. ഭരതന്നൂരിലാണ് ഉച്ചഭക്ഷണം. മൈലമൂട് കുണ്ടാട് കവലയിൽ രാത്രി എട്ടിന് മൂന്നാം ദിവസത്തെ പര്യടനം അവസാനിക്കും. തോട്ടം, ആദിവാസി മേഖലയായ പെരിങ്ങമ്മല പഞ്ചായത്തിലാണ് ഞായറാഴ്ചത്തെ പര്യടനം.