
ആലുവ: വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തുകേസുകളിൽ പ്രതിയായ യുവാവിനെ മൂന്നാംവട്ടവും കാപ്പചുമത്തി ജയിലിലടച്ചു. പറവൂർ കോട്ടുവള്ളി അത്താണി ഭാഗത്ത് കൽപ്പടപ്പറമ്പിൽ വിട്ടിൽ ഷാനെയാണ് (ചക്കു- 29) റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയിലിലടച്ചത്.
ആലുവ വെസ്റ്റ്, പറവൂർ, വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകശ്രമം, കവർച്ച, ദേഹോപദ്രവം, സ്‌ഫോടകവസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. 2018, 2019 വർഷങ്ങളിലും ഷാനുവിനെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ശിക്ഷകഴിഞ്ഞ് പുറത്തിറക്കിയ ഇയാൾ കഴിഞ്ഞ നവംബറിൽ ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി അക്രമിച്ചതിനെത്തുടർന്നാണ് വീണ്ടും കാപ്പ ചുമത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ട് പ്രകാരം 24 പേരെ കാപ്പ നിയമപ്രകാരം നാട് കടത്തിയതായും 24 പേരെ അറസ്റ്റുചെയ്ത് ജയിലിലടച്ചതായും എസ്.പി പറഞ്ഞു.