vt

ഇടതുപക്ഷത്തെയോ വലതുപക്ഷത്തെയോ സ്ഥിരമായി കെട്ടിപ്പിടിക്കുന്ന ചരിത്രം തൃത്താലയ്ക്കില്ല. 1991 മുതൽ 2006വരെയും ഉറച്ച ഇടതുകോട്ടയായി നിലകൊണ്ട മണ്ഡലത്തെ 2011ൽ അപഹരിച്ചത് കോൺഗ്രസ് യുവനേതാവ് വി.ടി. ബൽറാമാണ്. അതിന് ശേഷമിങ്ങോട്ട് ബൽറാം അവിടെ തന്റെ ജനകീയാടിത്തറ ബലപ്പെടുത്തിയിട്ടേയുള്ളൂ.സമൂഹമാദ്ധ്യമങ്ങളിലെ സ്ഥിരം വിവാദത്തൊഴിലാളിയെന്ന മറ്റൊരു പരിവേഷവുമുണ്ട് ബൽറാമിന്. കുത്തിക്കുത്തി, കമ്മ്യൂണിസ്റ്റുകാർ വൈകാരികമായി നെഞ്ചേറ്റുന്ന പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയെ തന്നെ ബൽറാം കുത്തിയപ്പോൾ സി.പി.എം പ്രവർത്തകർക്ക് വല്ലാതെ നൊന്തു. ആ നോവിന് പകരം ചോദിക്കാൻ അന്നുതൊട്ടവർ കച്ച മുറുക്കിനിൽക്കുന്നു. നിയമസഭാതിരഞ്ഞെടുപ്പ് അതിനുള്ള മികച്ച അവസരമാക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. ഇപ്പോഴും തൃത്താലയിൽ ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് കാര്യമായ കോട്ടമുണ്ടായിട്ടില്ല.

പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ വികാരം കൂടി അളന്നാണ് എം.ബി. രാജേഷിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചത്. എ.കെ.ജി വിവാദത്തിന് പിന്നാലെ എം.എൽ.എയായ ബൽറാമിന് സ്വന്തം മണ്ഡലത്തിലിറങ്ങാൻ പൊലീസ് സുരക്ഷ പോലും വേണ്ടിവന്നിട്ടുണ്ട്. എ.കെ.ജി വിവാദവും വികസനവും അതിനാൽ ഇത്തവണ തൃത്താല വലിയതോതിൽ ചർച്ച ചെയ്യുന്നു. പ്രചാരണയോഗങ്ങളിലെല്ലാം എ.കെ.ജിയെ അധിക്ഷേപിച്ച അധമസംസ്കാരമെന്ന വിശേഷണം ബൽറാമിന് ചാർത്തിക്കൊടുക്കാൻ സി.പി.എം മടിക്കുന്നില്ല.

ജനകീയപരിവേഷത്തിന്റെ പിൻബലത്തിൽ മണ്ഡലത്തെ കൂടെ നിറുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് വി.ടി. ബൽറാം. എ.കെ.ജി വിവാദം കത്തിനിന്നിട്ടും, ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ, ഒന്നിൽ നിന്ന് നാല് പഞ്ചായത്തുകളിലേക്ക് യു.ഡി.എഫിന് ഭരണം പിടിക്കാനായില്ലേയെന്നാണ് കോൺഗ്രസുകാരുടെ ചോദ്യം. അതിൽ തന്നെ പരുദൂർ പഞ്ചായത്ത് ചരിത്രത്തിലാദ്യമായി യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. കപ്പൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് പദം സി.പി.എമ്മിന് കിട്ടിയതെന്നതും കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നു.

കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂരിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ വച്ച് കണ്ടപ്പോൾ വി.ടി. ബൽറാം പറഞ്ഞു: "ചെറുതും വലുതുമായ ഇടങ്ങളിലെല്ലാം ലഭിക്കുന്ന സ്വീകരണം കഴിഞ്ഞ രണ്ട് തവണത്തെയും പോലെ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം നൽകുന്നുണ്ട്." എം.ബി. രാജേഷ് ശക്തനായ എതിരാളിയാണോയെന്ന് ചോദിച്ചപ്പോൾ, കഴിഞ്ഞ രണ്ട് തവണയും തന്റെ എതിരാളികൾ ശക്തരായിരുന്നു എന്നായിരുന്നു മറുപടി. എ.കെ.ജി വിവാദം ഇടതുപക്ഷം പ്രചാരണായുധമാക്കുന്നതിനെപ്പറ്റി ബൽറാമിന്റെ പ്രതികരണമിങ്ങനെ: " പ്രചാരണവിഷയങ്ങളെന്ത് വേണമെന്നവർ തീരുമാനിക്കട്ടെ. ഞാൻ മുന്നോട്ട് പോകുന്നത് പത്ത് വർഷത്തെ മണ്ഡലത്തിലെ അനുഭവങ്ങളും വികസനവിഷയങ്ങളും സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളും വാളയാർ വിഷയമുയർത്തിവിട്ട സാമൂഹ്യപ്രശ്നങ്ങളുമൊക്കെ ചൂണ്ടിക്കാട്ടിയാണ്."

സ്കൂളിലെ അദ്ധ്യാപികമാരും കുട്ടികളുമടക്കം എം.എൽ.എയ്ക്കൊപ്പം സെൽഫിയെടുക്കാനും മറ്റും ആവേശത്തോടെ തിരക്കുകൂട്ടി.

സ്വീകരണയോഗങ്ങളിലും മറ്റും കിട്ടുന്ന പ്രതികരണങ്ങൾ ആത്മവിശ്വാസമേകുന്നുവെന്ന് സി.പി.എം സ്ഥാനാർത്ഥി എം.ബി. രാജേഷ് പറയുന്നു. ആനക്കര പഞ്ചായത്തിലെ കുമ്പിടിക്കടുത്ത് അമ്പലവട്ടത്ത് സ്വീകരണയോഗത്തിൽ രാജേഷ് പ്രസംഗിച്ചു: "രാത്രി വൈകുന്നത് വരെയും കൊടുംചൂടിൽ മുന്നോട്ട് നീങ്ങുമ്പോൾ ഊർജം പകരുന്നത് ജനങ്ങളുടെ പിന്തുണയാണ്."

ജനങ്ങൾക്ക് നൽകിയ എല്ലാവാഗ്ദാനങ്ങളും പാലിച്ച മുന്നണിയുടെ സ്ഥാനാർത്ഥിയെന്ന സന്തോഷത്തോടെ മത്സരിക്കുന്നുവെന്നാണ് പ്രചാരണയോഗങ്ങളിൽ രാജേഷ് പ്രധാനമായും പറയുന്നത്. ഭരണത്തുടർച്ചയിൽ തൃത്താലയും ഇടതിനൊപ്പം നിന്നാൽ സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ് വാഗ്ദാനം.

വികസനമുരടിപ്പെന്ന ഇടത് ആക്ഷേപത്തിന് ബൽറാമിന്റെ മറുപടി, അദ്ദേഹത്തെ കണ്ടുമുട്ടിയ കപ്പൂര് പഞ്ചായത്തിലടക്കം നടപ്പാക്കിയ കുടിവെള്ള പദ്ധതിയും റോഡ് വികസനവുമാണ്. പ്രതിപക്ഷ എം.എൽ.എയായതിനാൽ വികസനം അട്ടിമറിക്കാൻ എൽ.ഡി.എഫ് ശ്രമിച്ചെന്ന ആക്ഷേപവുമദ്ദേഹമുയർത്തി.

രണ്ട് പേരെയും ജയിപ്പിക്കാനാവില്ലെന്നതിനാൽ ജനങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് തൃത്താല ജംഗ്ഷനിൽ പ്രചാരണത്തിനിടെ കണ്ടുമുട്ടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി ശങ്കു ടി. ദാസ് നിഷ്കളങ്കമായി പറഞ്ഞു! 2011ൽ നിന്ന് 2016ലെത്തിയപ്പോൾ ബി.ജെ.പിയുടെ വോട്ട് മൂന്നിരട്ടി കൂടിയതിനാൽ വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള വിജയപ്രതീക്ഷയാണെന്ന് ശങ്കു ടി. ദാസ് പറഞ്ഞു.

ബൽറാമിന്റെ ജനകീയമികവിനാൽ മണ്ഡലത്തിൽ യു.ഡി.എഫ് സ്വാധീനമേറിയെന്നതിന് തെളിവ് തദ്ദേശഫലം തന്നെയാണ്. ഇടതുകോട്ട എന്തായാലും ബലപ്പെടുത്തിയേതീരൂവെന്ന വാശിയിൽ സി.പി.എമ്മും നിൽക്കുമ്പോൾ തൃത്താലയിലെ പോരാട്ടം ശരിക്കും തീപാറുന്നുണ്ട്.

കണക്കുകൾ:

2016: യു.ഡി.എഫ്- 66505, എൽ.ഡി.എഫ്- 55958, ബി.ജെ.പി- 14510. കോൺഗ്രസ് ലീഡ് 10,547.

2011: യു.ഡി.എഫ്- 57848, എൽ.ഡി.എഫ്- 54651, ബി.ജെ.പി- 5899. കോൺഗ്രസ് ലീഡ് 3197

2019 ലോക്‌സഭ: യു.ഡി.എഫ്- 58496, എൽ.ഡി.എഫ് 50092, ബി.ജെ.പി 21838, യു.ഡി.എഫ് ലീഡ് 8404.