
തൃക്കാക്കര: പതിമൂന്നുകാരി വൈഗയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹനെത്തേടി അന്വേഷണസംഘം കോയമ്പത്തൂരിലെത്തി. എസ്.ഐ റഫീക്കിന്റെ നേതൃത്വത്തിൽ നാലുപേരടങ്ങുന്നതാണ് സംഘം. വാളയാർ ചെക്ക് പോസ്റ്റിലെ സി.സി ടിവി കാമറയിലെ ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. സാനു സഞ്ചരിച്ചിരുന്ന കാർ കണ്ടെത്താനായിട്ടില്ല. തൃശൂർവഴി വാളയാർ ചെക്ക് പോസ്റ്റ് കടന്ന കാറിൽ സാനുമാത്രമാണ് ഉണ്ടായിരുന്നതെന്ന് സി.സി ടിവി പരിശോധനയിൽ വ്യക്തമായി.
വാളയാർ കഴിഞ്ഞാൽ ഇയാൾ താമസിക്കാൻ സാദ്ധ്യത കോയമ്പത്തൂരിലാതിനാലാണ് അന്വേഷണസംഘം ഇവിടെ എത്തിയത്. ഈ പ്രദേശങ്ങളിലെ കാമറകളും പരിശോധിക്കുന്നുണ്ട്.
പൂനെയിലടക്കം നിരവധി ചെക്ക് കേസുകളിൽ പ്രതിയാണ് സാനു മോഹൻ. ഇയാളെ പൊലീസ് തിരഞ്ഞുവരികയായിരുന്നു. തൃക്കാക്കരയിലെ താമസിച്ചിരുന്ന ഫ്ളാറ്റിലെ അഞ്ചുപേരുൾപ്പെടെ പതിനഞ്ചോളം പേരിൽ നിന്ന് വൻതുക സാനു കടം വാങ്ങിയിരുന്നു.
# അന്വേഷണത്തിൽ സൈബർസെല്ലും
വൈഗ മരിക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ സാനുവിന്റെ മൊബൈൽഫോൺ സ്വിച്ച് ഓഫായിരുന്നു. ഇപ്പോൾ ഇയാൾ പുതിയനമ്പർ എടുത്തുവോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാനു ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ.എം.ഐ.ഇ നമ്പറിലൂടെ ഇത് കണ്ടെത്താനാണ് സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസിന്റെ ശ്രമം. ആരെയെങ്കിലും ഭയന്നാണോ ഫോൺ ഓഫ് ചെയ്തത് എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാനുവിന്റെയും ഭാര്യയുടെയും ഒരുമാസത്തെ ഫോൺകോൾ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വിശദമായി പരിശോധിക്കുന്നതോടെ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
40 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം എവിടെ?
സാനുവിനെയും മകളെയും കാണാനില്ലെന്ന് കാട്ടി രമ്യയുടെ സഹോദരീ ഭർത്താവാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. ബാങ്കിൽ 40 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും എസ്.ബി അക്കൗണ്ടിൽ നാലുലക്ഷം രൂപ ഉണ്ടെന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ സാനുവിന്റെ അക്കൗണ്ടിൽ ഒരുരൂപപോലുമില്ലായിരുന്നു. പണം സംബന്ധിച്ച ഇൗ വൈരുദ്ധ്യവും പൊലീസിനെ കുഴക്കുന്നു.