ed

 ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ അദ്ധ്യക്ഷൻ

 കസ്റ്റംസ്, ഇൻകംടാക്സ്, സി.ബി.ഐ എന്നിവയും അന്വേഷണ പരിധിയിൽ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് അന്വേഷണത്തിൽ രാഷ്‌ട്രീയലാക്കെന്ന ആക്ഷേപത്തോടെ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണ തീരുമാനവുമായി കേന്ദ്ര സ‌ർക്കാരിനും ബി.ജെ.പിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പിണറായി സർക്കാരിന്റെ അസാധാരണ നീക്കം.

കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ഇൻകംടാക്സ്, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ കേന്ദ്രം ഇടതു സർക്കാരിനെതിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് വിലയിരുത്തിയാണ് മന്ത്രിസഭാ തീരുമാനം. റിട്ടയേർഡ് ജഡ്‌ജിയും പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റി ചെയർമാനുമായ ജസ്റ്റിസ് വി.കെ. മോഹനൻ ആണ് കമ്മിഷൻ അദ്ധ്യക്ഷൻ.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി അടിസ്ഥാനമാക്കി ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനു പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെയുള്ള തീരുമാനം നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും. അന്വേഷണത്തിന്റെ പേരിൽ വികസന പദ്ധതികൾ തടസപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടുന്നുവെന്നും വിലയിരുത്തിയുള്ള സർക്കാരിന്റെ പ്രതിരോധ നീക്കത്തിന് രാഷ്ട്രീയ വ്യാഖ്യാനം നൽകി പ്രചാരണരംഗത്ത് കത്തിച്ചു നിർത്താനൊരുങ്ങുകയാണ് യു.ഡി.എഫും ബി.ജെ.പിയും

അഞ്ച് പരിഗണനാ വിഷയങ്ങൾ

സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ച് പരിഗണനാ വിഷയങ്ങളാണ് കമ്മിഷനു നൽകുക. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്കു മേലുള്ള സമ്മർദം, അതിനു പിന്നിൽ ആരൊക്ക എന്നിവയാണ് മറ്റു വിഷയങ്ങൾ. ഗൂഢാലോചന നടത്തിയവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെ കമ്മിഷൻ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യും.

കേസ് ശക്തമാക്കാൻ ക്രൈംബ്രാഞ്ചും

2020 ജൂലായ് അഞ്ചിനാണ് സ്വർണക്കടത്ത് കേസിന്റെ തുടക്കം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും ചില മന്ത്രിമാരിലേക്കും നീങ്ങിയപ്പോഴാണ് അന്വേഷണം വഴിതെറ്റുന്നുവെന്ന ആക്ഷേപം ഉയർന്നത്. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ. ഡി സംഘം സ്വപ്ന സുരേഷിനെ നിർബന്ധിക്കുന്നത് അടുത്തുണ്ടായിരുന്ന താൻ കേട്ടെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി അടിസ്ഥാനമാക്കി ഇ. ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേട്ടിനു മുൻപാകെ രേഖപ്പെടുത്തി തെളിവുനിയമ പ്രകാരം കേസ് ശക്തമാക്കാൻ ക്രൈംബ്രാഞ്ചിന് നിയമോപദേശവും ലഭിച്ചു. അതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണ തീരുമാനം.

#സർക്കാരിന്റെ വെല്ലുവിളി

1.കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്നത് നിയമപരമായും സാങ്കേതികമായും സംസ്ഥാനത്തിന്റെ അധികാര പരിധി വിട്ടുള്ളതാണെന്ന കേന്ദ്ര നിലപാട് വരാം

2.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ അടിയന്തര പ്രാധാന്യമില്ലാത്ത രാഷ്ട്രീയ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി വാങ്ങാതെ എടുക്കുന്നത് ഗുരുതരമായ ചട്ടലംഘനമാകാം.

​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​കി​ഫ്ബി​ക്ക് എതി​രെ ഉൾപ്പെടെ ഒ​രു​ ​ചു​ക്കും​ ​ചെ​യ്യാ​ൻ​ ക​ഴി​യില്ല.
​മു​ഖ്യ​മ​ന്ത്രി​ ​
പി​ണ​റാ​യി​ ​വി​ജ​യ​ൻ

"തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള അസംബന്ധ നാടകം"

രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ്

ഇ.ഡി​ക്കെതി​രെ ​പ്ര​ഖ്യാ​പി​ച്ച​ ​ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ത​മാ​ശ​.
കേ​ന്ദ്ര​ ​മ​ന്ത്രി​ ​
വി.​ ​മു​ര​ളീ​ധ​ര​ൻ​