1

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണിയൂരിൽ സി.പി.എം - ബി.ജെ.പി സംഘർഷം. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനത്തിന് മുന്നിലായി സി.പി.എം പ്രവർത്തകർ വാഹനം പാർക്ക് ചെയ്‌തെന്ന് ആരോപിച്ചാണ് തർക്കുണ്ടായത്. വാഹനം എടുത്ത് മാറ്രാൻ പറഞ്ഞെങ്കിലും സി.പി.എം തയ്യാറായില്ലെന്നും ബി.ജെ.പി ആരോപിച്ചു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. സ്ഥലത്ത് കൂടുതൽ സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും എത്തിയതോടെ രംഗം വഷളായി. കമ്പും വടിയുമായി തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ബി.ജെ.പിയും ഫ്ളക്‌സ് ബോർഡിന്റെ കമ്പുകളുമായി തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് സി.പി.എമ്മും ആരോപിച്ചു. കൈയാങ്കളി രൂക്ഷമായപ്പോൾ കഴക്കൂട്ടത്ത് നിന്നും ശ്രീകാര്യത്ത് നിന്നും കൂടുതൽ പൊലീസെത്തി ഇവരെ നിയന്ത്രിച്ചു. കൈയാങ്കളിയിൽ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റതായി ബി.ജെ.പിയും രണ്ടുപേർക്ക് പരിക്കേറ്റെന്ന് സി.പി.എം പ്രവർത്തകരും ആരോപിച്ചു. സി.പി.എം പ്രവർത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ശോഭാസുരേന്ദ്രൻ പ്രവർത്തകരോടൊപ്പം സി.പി.എം ബൂത്ത് കമ്മിറ്റി ഓഫീസിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഡി.സി.പി വൈഭവ് സക്സേന, കഴക്കൂട്ടം എ.സി.പി ഷൈനു തോമസ് എന്നിവരുമായി നടത്തിയ ചർച്ചയിൽ മൂന്ന് സി.പി.എം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ബി.ജെ.പി പ്രവർത്തകരും സി.പി.എം പ്രവർത്തകരും വീണ്ടും വാക്കുതർക്കം തുടങ്ങിയതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തപ്പറ്റി കൂടുതൽ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ

നിന്നും ബി.ജെ.പി പിന്മാറണം: കടകംപള്ളി സുരേന്ദ്രൻ

ബി.ജെ.പി സ്ഥാനാർത്ഥി പര്യടനം നടക്കുന്ന സ്ഥലത്തുകൂടെ അമ്മയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ യാതൊരു പ്രകോപനവുമില്ലാതെ ബി.ജെ.പിക്കാർ ആക്രമിക്കുകയായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും ബി.ജെ.പി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോൽക്കുമെന്നുറപ്പായപ്പോൾ ഗുണ്ടകളെ

അഴിച്ചുവിടുന്നു: ശോഭാ സുരേന്ദ്രൻ

തോൽക്കുമെന്നുറപ്പായപ്പോൾ സി.പി.എം ഗുണ്ടകളെ അഴിച്ചുവിടുകയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. സി.പി.എം കണ്ണൂർ മോഡൽ ആക്രമണം നടത്തുകയാണ്. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തന്റെ വാഹനപ്രചാരണത്തിന് നേരെ ആക്രമണമുണ്ടായത്. ശബരിമല പ്രക്ഷോഭം നയിച്ച സത്രീകളെ ആക്രമിച്ച അതേ രീതിയാണ് കടകംപള്ളി സുരേന്ദ്രൻ പിന്തുടരുന്നതെന്നും അവർ പറഞ്ഞു.