oppamundu-urappaanu

കല്ലമ്പലം: മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം രണ്ടാം റൗണ്ട് പിന്നിട്ടപ്പോഴേക്കും കൂട്ടിയും കിഴിച്ചും സ്ഥാനാർത്ഥികളുടെ തേരോട്ടം തുടരുകയാണ്. ജനമനസ് നേരിട്ടറിയാനും ഒാരോ വോട്ടും ഉറപ്പിക്കാനും. എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികളായ വി.ജോയിയും,അജി .എസ്.ആർ.എമ്മും മണ്ഡലത്തിൽ വോട്ട് ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്.യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ആർ.എം ഷഫീർ ചാനൽ ചർച്ചകളിലൂടെ പുതു തലമുറയ്ക്ക് ഹീറോ ആണെങ്കിലും പഴയ തലമുറയ്ക്ക് അത്ര കണ്ട് പരിചയമില്ല. ആ പോരായ്മ നികത്താൻ പര്യടനവേളയിൽ ഏവർക്കും സുപരിചിതനായ ഒരാൾ ഒപ്പമുണ്ട് പഴയ വികസന നായകൻ വർക്കല കഹാർ. കഹാറിന്റെ പിൻഗാമി ഇതാ കടന്നുവരുന്നു അനൗൺസ് വാഹനത്തിനു പിന്നാലെ ഷഫീറിനോപ്പം തല ഉയർത്തിപിടിച്ച് വർക്കല കഹാറും.മണ്ഡലത്തിൽ മേളം കൊഴുക്കുകയാണ് ശക്തമായ ത്രികോണ മത്സരം.

മണ്ഡലത്തിൽ വി.ജോയിയുടെ രഥയാത്ര തുടരുന്നു

ചെമ്മരുതി പഞ്ചായത്തിലെ വണ്ടിപ്പുരയിൽ നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച ജോയിയുടെ പര്യടനത്തിന് കുന്നുവിള,പാളയംകുന്ന്,കൊടുവേലിക്കോണം, പാണന്തറ,പോങ്ങിൽ,ഞെക്കാട്, തറട്ട തുടങ്ങി 34 സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി.രാത്രി എട്ടുമണിയോടെ തച്ചോട് സമാപിച്ചു.സ്വീകരണ സ്ഥലങ്ങളിലെല്ലാം വൻ ജനാവലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വോട്ടുകൾ ഉറപ്പിച്ച് വികസന നായകന്റെ രഥയാത്ര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മുന്നേരുന്നു.ഇന്ന് രാവിലെ മുതൽ നാവായിക്കുളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങും.

ബി.ആർ.എം ഷഫീർ കഹാറിനോപ്പം തേര് തെളിക്കുന്നു

ബി.ആർ.എം ഷഫീറിന്റെ വാഹന പര്യടന പ്രചാരണത്തിന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ എത്തിയതോടെ പുതിയ മാനം കൈവന്നു. ഇന്നലെ രാവിലെ 10ന് ഷഫീർ നരിക്കല്ല് മുക്കിലെ തോപ്പിൽ ഓഡിറ്റോറിയത്തിൽ യൂത്ത്കോൺഗ്രസ് മീറ്റിംഗിൽ പങ്കെടുത്ത ശേഷമാണ് പ്രചാരണം ആരംഭിച്ചത്. പുത്തൻചന്ത,മങ്ങാട്,ഫിഷർമെൻകോളനി, കയറ്റാഫീസ്‌,റാത്തിക്കൽ,മേലൽവെട്ടുർ തുടങ്ങി 13 ഓളം സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.രാത്രി 7ന് കുഴിവിളയിൽ സമാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ന് മടവൂർ പഞ്ചായത്തിലെ കൊല്ലായിൽ നിന്ന് ആരംഭിക്കുന്ന പര്യടനം 45 സ്ഥലങ്ങൾ പിന്നിട്ട് രാത്രി 7 മണിയോടെ ലക്ഷംവീട് ജംഗ്ഷനിൽ സമാപിക്കും.

അജി എസ്.ആർ.എം ഇന്ന് പ്രചാരണം കൊഴുപ്പിക്കും

ശാരീരിക അസ്വസ്ഥതമൂലം ഇന്നലെ മുഴുവൻ ആശുപത്രിയിലായിരുന്ന അജി.എസ്.ആർ.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു മുതൽ വേഗതയേറും.വാഹന പര്യടന പ്രചാരണം ഇന്ന് രാവിലെ 10 ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ്‌ സിംഗ് ഉദ്ഘാടനം ചെയ്യും. റോഡ്‌ ഷോ വർക്കല താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് തുടങ്ങി വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിക്കും.ഒരു മണിക്കൂറോളം മന്ത്രി അജിയുടെ പര്യടനത്തിനൊപ്പം ഉണ്ടാകും. തുടർന്ന് അജി പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും.