snake

പാലക്കാട്: ചൂട് കൂടിയതോടെ മാളങ്ങൾ വിട്ട് പാമ്പുകൾ തണുപ്പ് തേടി പുറത്തിറങ്ങുന്ന കാലമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി വനംവകുപ്പ്. പാശേഖരങ്ങളിലും വെള്ളം നനയുന്ന തണുപ്പുള്ള സ്ഥലങ്ങളിലും പാമ്പുകളുടെ വഹാര കേന്ദ്രമാണിപ്പോൾ. ഇത്തരം സ്ഥലങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ പാമ്പിന്റെ കടിയേൽക്കാൻ സാധ്യതയേറെയാണ്. ശീതരക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീരത്തിലെ താപനില കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത്. കൂടാതെ വേനൽ മഴ പെയ്താലും കൂട്ടതോടെ പാമ്പുകൾ പുറത്തിറങ്ങും. അപകടസാദ്ധ്യത മുന്നിൽകണ്ട് ജില്ലയിലെ സർക്കാർ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും പാമ്പുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

2020ൽ കടിയേറ്റവർ -43

മരണം- 11
2021ൽ( ഫെബ്രുവരി വരെ) കടിയേറ്റവർ -15

മരണം -ഇല്ല

സഹായിക്കാൻ ആപ്പ്
പാമ്പുകളെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വോളണ്ടിയർമാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 'സർപ്പ' എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. നമ്മുടെ ലൊക്കേഷന് 25 കിലോമീറ്റർ പരിധിയിലുള്ളവരുടെ നമ്പറുകൾ ആപ്പിൽ ലഭിക്കും. 50 വനംവകുപ്പ് ജീവനക്കാരെ കൂടാതെ 57 പേർക്ക് ജില്ലയിൽ പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയിട്ടുള്ളത്.

സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങാതിരിക്കുക. തണുപ്പുള്ള സ്ഥലങ്ങളിലും കരിയിലകളും മറ്റും കൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ കുട്ടികളെ കളിക്കാൻ വിടരുത്. പാമ്പുകൾ ആൾ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്കാണ് കൂടുതലായി ഇര തേടിയിറങ്ങുന്നത്. ഇര പിടിച്ചശേഷം രാവിലെയോടെ തിരിച്ച് മാളത്തിലേക്ക് പോകും. ഈ സമയമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ഡിവിഷനൽ ഫോറസ്റ്റ് ഓഫീസ്,

പാലക്കാട്