aidmk

തേനി: വൈഗയുടെ തീരത്തെ ആണ്ടിപ്പട്ടി മുമ്പ് തമിഴ്‌നാട്ടിലെ വി. വി. ഐ.പി മണ്ഡലമായിരുന്നു. ഇവിടെ മത്സരിച്ചവർ ചില്ലറക്കാരല്ല. സാക്ഷാൽ എം.ജി.ആർ,​ അദ്ദേഹത്തിന്റെ ഭാര്യ ജാനകി രാമചന്ദ്രൻ,​ ഇദയക്കനി ജെ.ജയലളിത. എം. ജി. ആറിനെയും ജയലളിതയേയും തോളിലേറ്റിയ മണ്ഡലം ജാനകിയെ തോൽപ്പിച്ചു.

അന്നത്തെ വി.ഐ.പി പകിട്ടൊന്നും ഇല്ലെങ്കിലും ഇത്തവണ ആണ്ടിപ്പട്ടിയിൽ തീപാറുന്ന പോരാട്ടമാണ്. എതിരാളികൾ ഒരു കുടുംബത്തിലെ അണ്ണനും തമ്പിയും. അണ്ണൻ സിറ്റിംഗ് എം.എൽ.എ 65കാരനായ എ.മഹാരാജൻ ഡി.എം.കെ സ്ഥാനാർത്ഥി. തമ്പി 60 കാരനായ എ.ലോഹിരാജൻ എ. ഡി.എം.കെ ടിക്കറ്റിലും. 2019ലെ ഉപതിരഞ്ഞെടുപ്പിലും ഇവരായിരുന്നു രണ്ടു പാർട്ടിയുടെയും സ്ഥാനാർത്ഥികൾ. അന്ന് ചേട്ടൻ മഹാരാജൻ 12,​323 വോട്ടിന് അനിയനെ തോൽപ്പിച്ചു. ആ കണക്ക് തീർക്കുമെന്നാണ് ഇത്തവണ ലോഹിരാജന്റെ പ്രതിജ്ഞ.എ. ഡി.എം.കെയ്‌ക്ക് മുൻതൂക്കമുള്ള മണ്ഡലമാണിത്. പാർട്ടിയിൽ വെടിയും പുകയും നിറയുമ്പോഴാണ് ഇവിടെ തോൽക്കുന്നത്. 2011ലും 2016ലും ഇവിടെ മത്സരിക്കാൻ ജയലളിത നിയോഗിച്ചത് തങ്ക തമിഴ് ശെൽവനെയായിരുന്നു. രണ്ടു തവണയും ജയിച്ചു. ജയലളിതയുടെ മരണ ശേഷം അദ്ദേഹം ദിനകരൻ പക്ഷത്തേക്ക് ചാഞ്ഞു. സ്പീക്കർ അയോഗ്യനാക്കി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഡി.എം.കെയ്ക്ക് വേണ്ടി മഹാരാജൻ സീറ്റ് തിരിച്ചു പിടിച്ചത്. 1973 മുതൽ മഹാരാജൻ ഡി.എം.കെയിൽ പ്രവർത്തിക്കുന്നു. എ.ലോഹിരാജൻ 1986ലാണ് എ. ഡി.എം.കെയിൽ എത്തിയത് ഇപ്പോൾ പാർട്ടി മണ്ഡലം സെക്രട്ടറി. പൊരിവെയിലിനെ വകവയ്ക്കാതെ വോട്ടർമാരെ കാണാൻ മത്സരിച്ചോടുകയാണ് ഇരുവരും.

ഇപ്പോൾ അണ്ണനും തമ്പിയുമൊന്നും ഇല്ല. ഇത് പോരാട്ടമാണ്. ഇവിടെ രണ്ടിലയും (എ. ഡി.എം.കെ ചിഹ്നം)​ ഉദയ സൂര്യനും (ഡി.എം.കെ.ചിഹ്നം)​ മാത്രം. വിജയം എനിക്കാണ്. നിശ്ചയം''

- എ. ലോഹിരാജൻ

അനിയനുമായി പോരടിക്കുന്നതിൽ വേദനയുണ്ട്. കൂട്ടുകുടുംബമായി ഒരു വീട്ടിൽ കഴിഞ്ഞവരാണ്. പാർട്ടി മത്സരിക്കാൻ പറയുമ്പോൾ നിഷേധിക്കാനാവില്ല. വിജയം ആവർത്തിക്കും''

- എ. മഹാരാജൻ

എം.ജി.ആറിന്റെ അവസാന വിജയം

എം.ജി.ആർ അവസാനം തിരഞ്ഞെടുക്കപ്പെടുന്നത് ആണ്ടിപ്പട്ടിയിൽ നിന്നാണ്. 1984ൽ. 87 ഡിസംബറിൽ അദ്ദേഹം മരിച്ചു. 88 ജനുവരിയിൽ ഭാര്യ ജാനകി രാമചന്ദ്രൻ മുഖ്യമന്ത്രിയായി. പാർട്ടി രണ്ടായി പിരിഞ്ഞു. 89ലെ തിരഞ്ഞെടുപ്പിൽ ജാനകി ആണ്ടിപ്പട്ടിയിൽ മത്സരിച്ചെങ്കിലും തോറ്റു. 2002ലും 2006ലും ജയലളിതയെ ജനം വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു.

സംസ്ഥാന അതിർത്തിയിലെ കുമളി, ലോവർ ക്യാമ്പ്, ഗൂഡല്ലൂർ, വരശനാട്, കടമലക്കുണ്ട്, കുള്ളപ്പഗൗണ്ടൻപെട്ടി, കരുണാക്കമുത്തൻപെട്ടി, മൈലാടുംപാറ, എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ആണ്ടിപ്പെട്ടി നിയമസഭാ മണ്ഡലം.