elamaram

പേരാമ്പ്ര: കേരളത്തിന്റെ അഭിമാന പദ്ധതികളായ ക്ഷേമപെൻഷനും രണ്ടര ലക്ഷത്തിലധികം പേർക്ക് കിടപ്പാടം നൽകിയ ലൈഫ് പദ്ധതിയുമടക്കം സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളെ അപകീർത്തിപ്പെടുത്താനും തകർക്കാനുമാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി. പറഞ്ഞു
സാമൂഹ്യ സുരക്ഷ പെൻഷനുകൾ ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുകയാണ്. അഭിമാനത്തോടെയാണ് ആളുകൾ അത് സ്വീകരിക്കുന്നത്. തുടർച്ചയായ നുണ പ്രചരണങ്ങളിലൂടെ ക്ഷേമ പദ്ധതികളെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും എളമരം കരീം എം.പി. പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അവസരവാദികളുടെ കൂടാരമാണ്. സ്ഥാനമോഹികളായ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേക്കേറുകയാണ് വർഗീയതയെ പ്രതിരോധിച്ച് മത നിരപേക്ഷത സംരക്ഷക്കാൻ എൽ.ഡി.എഫിന് മാത്രമേ കഴിയൂ. യു.ഡി.എഫ് വർഗീയ ശക്തികളുമായി കൂടുകയാണ്
സ്ഥാനാർത്ഥികളെ ചൊല്ലി യു.ഡി.എഫിൽ എല്ലായിടത്തും കലഹമാണ്.
എൽ.ഡി.എഫ് സർക്കാറിന്റെ തുടർ ഭരണം ഇല്ലാതാക്കാൻ യു.ഡി.എഫും ബി.ജെ.പിയും കേന്ദ്ര അന്വേഷണ ഏജൻസികളും കൈകോർത്തിരിക്കയാണ്. യു.ഡി.എഫിനെ പിന്തുണച്ചിരുന്നവർ ആത്മപരിശോധന നടത്തേണ്ട സമയമാണിത്.
മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നത്. നാല് മിഷനുകൾ നടപ്പിലാക്കി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ വികസനങ്ങൾ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് എൽ.ഡി.എഫിനെ വിശ്വാസമാണ്. അതുകൊണ്ടുതന്നെ ഈ ഗവൺമെന്റ് തുടരണമെന്ന് അവർ ആഗ്രഹിക്കുന്നു. എൽ.ഡി.എഫ് സർക്കാർ പെൻഷൻ 2500 രൂപയാകുമെന്ന് അവർക്ക് ഉറപ്പുണ്ട്. പറഞ്ഞതെല്ലാം പ്രാവർത്തികമാക്കിയ ഈ സർക്കാരിനെ വിജയിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മന്നോട്ടു വരുന്ന കാഴ്ചയാണ് എല്ലായിടത്തും കാണാൻ കഴിയുന്നത്.
തുറയൂർ, പാലേരി, കൂത്താളി, നൊച്ചാട്, വെള്ളിയൂർ എന്നിവിടങ്ങളിൽ വെച്ച് നടന്ന റാലികളിൽ എൽ.ഡി.എഫ് നേതാക്കളായ കെ. കുഞ്ഞമ്മദ് മാസ്റ്റർ, സുരേന്ദ്രൻ, ഒ.ടി രാജൻ, രജീന്ദ്രൻ കപ്പള്ളി, കെ.പി. ആലിക്കുട്ടി ,കിഴക്കയിൽ ബാലൻ, എസ്.കെ. സജീഷ്, എം.കെ. നളിനി, രാജീവൻ പാലിശ്ശേരി, അജയ് അവള, കെ.കെ. ഹനീഫ, പി.എം. കുഞ്ഞിക്കണ്ണൻ, വി.കെ. പ്രമോദ്, എം. കുഞ്ഞിരാമനുണ്ണി തുടങ്ങിയവർ സംബന്ധിച്ചു.