
സൂയസ് കനാലിൽ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ കുടുങ്ങിക്കിടക്കുന്നത് മാറ്റാനുള്ള ശ്രമം മൂന്ന് ദിവസം പിന്നിട്ടിട്ടും ഫലം കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്ന് പോയതും ഇങ്ങോട്ട് വരാനുള്ളതുമായ നിരവധി കപ്പലുകൾ ഇവിടെ കുടുങ്ങിക്കിടക്കുന്നത് പലതരത്തിലുള്ള ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകൾ കുടുങ്ങിയത് ഇവിടെ എണ്ണ വില വീണ്ടും കൂടാൻ ഇടയാക്കുമോ എന്നതാണ് ഏറ്റവും വലിയ ആശങ്ക. അങ്ങനെ വന്നാൽ സൂയസ് കനാലിലെ അപകടം ഇന്ത്യയിലെ സാധാരണക്കാരെ പോലും ബാധിക്കും. കപ്പൽ നീക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവന്നേക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
ഇന്ത്യയിൽ നിന്നുള്ള എണ്ണ, തുണിത്തരങ്ങൾ, ഫർണിച്ചർ, ആട്ടോമൊബൈൽ ഘടകങ്ങൾ തുടങ്ങിയവ കയറ്റിയ കപ്പലുകൾ അപകടത്തെത്തുടർന്ന് നീങ്ങാനാവാതെ കിടക്കുകയാണ്. ഇന്ത്യയിൽ നിന്ന് യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതാണിത്. അതേസമയം ഇന്ത്യയിലേക്കുള്ള എണ്ണ, സ്റ്റീൽ, മെഷീൻ ഘടകങ്ങൾ, കെമിക്കലുകൾ തുടങ്ങിയവ കയറ്റിയ കപ്പലുകളും ഇങ്ങോട്ട് വരാനാവാതെ കിടക്കുകയാണ്.
ചൈനയിൽ നിന്ന് സാധനങ്ങളുമായി വന്ന ജപ്പാൻ നിർമ്മിത കപ്പലായ എവർ ഗിവൺ കാറ്റിൽപ്പെട്ട് തിരിഞ്ഞാണ് സൂയസിന് കുറുകെ വഴി തടഞ്ഞ് കിടക്കുന്നത്. ഈ കപ്പലിലെ 25 ജീവനക്കാരും ഇന്ത്യാക്കാരാണെന്നും റിപ്പോർട്ടുണ്ട്. കപ്പൽ ജീവനക്കാർ സുരക്ഷിതരാണ്. ഇരു കരകളിലും ഡ്രഡ്‌ജിംഗ് നടത്തി മണ്ണ് കോരി മാറ്റിയതിന് ശേഷമേ ടഗ് ബോട്ടുകൾ ഉപയോഗിച്ച് ചരക്ക് കപ്പൽ വലിച്ച് നേരെയാക്കാൻ കഴിയൂ. ഇത് ശരിയാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി കൊണ്ടുവരാനും ആലോചനകൾ നടക്കുന്നു. 193 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിൽ ചൊവ്വാഴ്ച മുതൽ 180-ഓളം കപ്പലുകൾ നീങ്ങാനാവാതെ കിടക്കുകയാണ്. ഒരു ദിവസം കുറഞ്ഞത് 50 കൂറ്റൻ കപ്പലുകൾ കടന്നുപോകുന്നതാണ് മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന മനുഷ്യനിർമ്മിതമായ ഈ ജലപാത.
സൂയസ് കനാൽ അപകടത്തെത്തുടർന്ന് ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ കേന്ദ്ര സർക്കാർ ഒരു നാലിന പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനം കപ്പലുകളെ കേപ്പ് ഓഫ് ഗുഡ്‌ഹോപ്പ് വഴി തിരിച്ചുവിടുക എന്നതാണ്. കേന്ദ്ര വാണിജ്യ വകുപ്പിന്റെയും മറ്റും ഉന്നത ഉദ്യോഗസ്ഥർ യോഗം കൂടിയാണ് പ്രത്യാഘാതങ്ങൾ നേരിടാനുള്ള മാർഗങ്ങൾക്ക് രൂപം നൽകിയത്. രണ്ട് ദിവസത്തിനകം തടസം മാറ്റിയാലും കുടുങ്ങിയ കപ്പലുകൾ മൊത്തം നീങ്ങാൻ ഒരാഴ്ച കൂടി എടുത്തേക്കും. ചരക്ക് ഗതാഗതനിരക്കിൽ വർദ്ധനവ് വരുത്തരുതെന്ന അഭ്യർത്ഥന ഷിപ്പിംഗ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ കൈമാറിയിട്ടുണ്ട്. അതുപോലെ തടസം മാറി കപ്പലുകൾ ഒന്നിച്ച് വരുമ്പോൾ തുറമുഖങ്ങളിലുണ്ടാകുന്ന തിരക്ക് കൈകാര്യം ചെയ്യുന്നതിന് വേണ്ട ബദൽ സംവിധാനങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്.
സൂയസ് കനാലിലെ ചരക്ക് നീക്കത്തിനുള്ള തടസം തുടർന്നാൽ കയറ്റിറക്ക് രംഗങ്ങളിൽ കടുത്ത പ്രതിസന്ധി ഉണ്ടാകാം. കയറ്റുമതിക്കാർക്ക് ചെലവ് കൂടുന്നതാണു പ്രശ്നമെങ്കിൽ ഇറക്കുമതിക്കാർക്ക് ചരക്ക് ലഭിക്കുന്നതിലെ കാലതാമസമാണ് പ്രശ്നമാകുന്നത്. കേരളത്തിൽ നിന്ന് യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള കയറ്റുമതിയെയും ഇത് ബാധിക്കാം. അതിനാൽ എത്രയും വേഗം തടസം നീങ്ങട്ടെ എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കാം.