തിരുവനന്തപുരം: കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിന് അദ്ദേഹം താമസിക്കുന്ന മണ്ഡലമായ വട്ടിയൂർക്കാവിൽ ഇരട്ടവോട്ടുണ്ടെന്ന് ആക്ഷേപം. ക്രമനമ്പർ 516ൽ പഴയ ഫോട്ടോ ഉൾപ്പെടുത്തി മുമ്പ് ലഭിച്ച ഐഡന്റിറ്റി കാർഡും ക്രമനമ്പർ 1243ൽ പുതിയ ഫോട്ടോ ഉൾപ്പെടുത്തിയ കാർഡുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. വിവരം പുറത്തുവന്നതോടെ കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വോട്ട് ഇരട്ടിപ്പല്ല, സർക്കാർ
സംവിധാനത്തിന്റെ പരാജയമെന്ന് ലാൽ
തന്റേത് വോട്ട് ഇരട്ടിപ്പല്ലെന്നും സർക്കാർ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ഡോ.എസ്.എസ്. ലാൽ പറഞ്ഞു. 28 വർഷം മുമ്പ് അപേക്ഷ നൽകിയപ്പോഴുള്ള ഫോട്ടോ ഉൾപ്പെടുന്ന തിരിച്ചറിയിൽ കാർഡ് ആയിരുന്നു തന്റെ കൈവശമുണ്ടായിരുന്നത്. അതിലെ ഫോട്ടോ ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല. അതിനാൽ വോട്ടർപ്പട്ടിക പുതുക്കി ഫോട്ടോ ഉൾപ്പെടെ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് അക്ഷയ സെന്റർ വഴി അപേക്ഷ നൽകി. പുതിയ തിരിച്ചറിയൽ കാർഡ് ലഭിച്ചെങ്കിലും പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാത്തതാണ് ഇപ്പോഴുള്ള പ്രശ്‌നത്തിന് കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പഴയ കാർഡ് റദ്ദാക്കണമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.